covid
കൊവിഡ്

പാലക്കാട്: ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം രണ്ടിലൊതുങ്ങിയതിന്റെ തെല്ലൊരു ആശ്വാസത്തിലാണ് ആരോഗ്യവകുപ്പെങ്കിലും നിരീക്ഷണവും ജാഗ്രതയും കർശനമായി തുടരുന്നു. 8078 പേർ വീടുകളിലും 172 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 106 പേർ ജില്ശുപത്രിയിലും 49 പേർ മാങ്ങോട് കേരള മെഡിക്കൽ കോളേജിലും പത്തുപേർ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലും ഒരാൾ ഒറ്റപ്പാലത്തും ആറുപേർ മണ്ണാർക്കാട്ടും താലൂക്കാശുപത്രികളിൽ കഴിയുന്നു. 8250 പേരാണ് ജില്ലയിലാകെ നിരീക്ഷണത്തിലുള്ളത്. 7957 സാമ്പിൾ പരിശോധിച്ചതിൽ 6640 നെഗറ്റീവും 154 എണ്ണം പോസിറ്റീവുമാണ്. 14 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.

ശാരീരിക അകലം പാലിക്കണം

കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ള ശ്രീകൃഷ്ണപുരം, കടമ്പഴിപ്പുറം, ഒറ്റപ്പാലം, അമ്പലപ്പാറ മേഖലകളിൽ കർശന ജാഗ്രത പുലർത്തും. പ്രദേശങ്ങളിൽ കച്ചവട സ്ഥാപനങ്ങളിലും മറ്റും ആളുകൾ ശാരീരിക അകലം പാലിക്കാത്തതും ക്വാറന്റൈനിലുള്ളവരുടെ കുടുംബാംഗങ്ങൾ പുറത്തിറങ്ങി നടക്കുന്നതും ആരോഗ്യ വകുപ്പിന്റെയും പൊലീസിന്റെയും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

കച്ചവട സ്ഥാപനങ്ങളിലും റേഷൻ കടകളിലും ഉപഭോക്താക്കളും കച്ചവടക്കാരും നിർബദ്ധമായും ശാരീരിക അകലം പാലിക്കണം. ക്വാറന്റൈനിലുള്ള വ്യക്തി താമസിക്കുന്ന വീട്ടിലുള്ളവർ നിരീക്ഷണ കാലാവധി കഴിയുന്നത് വരെ പുറത്തിറങ്ങരുത്. അടച്ചിടൽ പ്രഖ്യാപിച്ച മേഖലയിൽ നിർദേശം കർശനമായി പാലിക്കണം.