മണ്ണാർക്കാട്: പള്ളിക്കുറുപ്പ് മഹാവിഷ്ണു ക്ഷേത്രക്കുളത്തിൽ ആറുവയസുകാരി മുങ്ങി മരിച്ചു. പള്ളിക്കുറുപ്പ് പ്ലാക്കൂട്ടത്തിൽ കൃഷ്ണകുമാർ- രാധാമണി ദമ്പതികളുടെ മകൾ ആർദ്രയാണ് മരിച്ചത്. ഇന്നലെ വൈകിട്ട് 5.30ന് അച്ഛനും അമ്മയും സഹോദരൻ ആദിത്തുമൊത്ത് കുളിക്കാൻ പോയതായിരുന്നു.

കുളക്കരയിൽ കളിക്കവേ സഹോദരൻ കാലുവഴുതി വീഴാൻ പോയപ്പോൾ ആർദ്ര കൈയിൽ പിടിച്ചെങ്കിലും ഇരുവരും കുളത്തിൽ വീണു. രക്ഷിതാക്കളുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ഇരുവരെയും കരയ്ക്കെത്തിച്ചത്. ഉടൻ താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ആർദ്രയുടെ ജീവൻ രക്ഷിക്കാനായില്ല. ആദിത്തിനെ പെരിന്തൽമണ്ണയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. പള്ളിക്കുറുപ്പ് ശബരി സ്‌കൂൾ രണ്ടാംതരം വിദ്യാർത്ഥിനിയാണ് ആർദ്ര.