covid
കൊവിഡ്

പാലക്കാട്: ജില്ലയിൽ ഒരു ആരോഗ്യ പ്രവർത്തകയ്ക്ക് ഉൾപ്പെടെ രണ്ടുപേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആരോഗ്യ പ്രവർത്തകയുടെ രോഗബാധ എങ്ങിനെ സംഭവിച്ചെന്ന വിവരങ്ങളിൽ ജില്ലാ ഭരണകൂടത്തിന് അവ്യക്തതയുണ്ട്. രാത്രി വൈകിയും ഇതുസംന്ധിച്ച് വ്യക്തത വരുത്താൻ അധികൃതർക്കായില്ല.

ശനിയാഴ്ചയാണ് ആരോഗ്യ പ്രവർത്തകയ്ക്ക് രോഗം സ്ഥിരീകരിച്ചതെന്ന് സൂചനയുണ്ട്. രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തക എവിടെയാണ് ജോലി ചെയ്യുന്നതെന്ന വിവരം പോലും പുറത്തുവിടാൻ അധികൃതർ തയ്യാറായിട്ടില്ല. മൈസൂരിൽ നിന്ന് വന്ന പെരുമാട്ടി കന്നിമാരി സ്വദേശിയാണ് (38) രോഗം സ്ഥിരീകരിച്ച മറ്റൊരു വ്യക്തി. ഇതോടെ ജില്ലയിൽ വൈറസ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 141ആയി.

മേയ് 20ന് രോഗം സ്ഥിരീകരിച്ച് ജില്ലാശുപത്രിയിൽ ചികിത്സയിലായിരുന്ന കൊല്ലങ്കോട് ആനമാറി സ്വദേശിയുടെ (38) സാമ്പിൾ ഫലം തുടർച്ചയായി രണ്ടുതവണ നെഗറ്റീവ് ആയതായി ആരോഗ്യവകുപ്പ് അറിയിച്ചു. രോഗം ഭേദമായെങ്കിലും ഇദ്ദേഹം ആശുപത്രി വിടുന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല. തുടർന്നും 14 ദിവസം കൂടി നിരീക്ഷണത്തിൽ ഇരിക്കേണ്ടതിന് വീട്ടിൽ സൗകര്യക്കുറവ് ഉള്ളതിനാൽ ഇദ്ദേഹത്തെ മറ്റൊരു സ്ഥലത്തേക്ക് മാറ്റും. മേയ് 17ന് ചെന്നൈയിൽ നിന്നാണ് ഇദ്ദേഹം ജില്ലയിലെത്തിയത്.