മണ്ണാർക്കാട്: 2018-19 വർഷത്തെ പ്രളയത്തിലും ഉരുൾപ്പൊട്ടലിലും ഭൂമിയും വീടും നഷ്ടപ്പെട്ടവർക്ക് കേരള പുനർ നിർമ്മാണ പദ്ധതിയിൽ ഉൾപ്പെടുത്തി സ്ഥലവും വീടും വാങ്ങുന്നതിനുള്ള നടപടി പുരോഗമിക്കുന്നു. കോട്ടോപ്പാടം പഞ്ചായത്തിലെ അമ്പലപ്പാറ, കരടിയോട് മേഖലയിൽ 40 എസ്.ടി കുടുംബങ്ങൾക്കും നാല് ജനറൽ വിഭാഗങ്ങൾക്കുമാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്. ഇവർക്ക് ഈ മേഖലയിൽ തന്നെ ഭൂമി കണ്ടെത്തി. നടപടി ത്വരിതപ്പെടുത്തി 30ന് മുമ്പ് രജിസ്‌ട്രേഷൻ പൂർത്തികരിക്കാൻ എൻ.ഷംസുദ്ദീൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.
ഏറ്റെടുക്കുന്നതിന് നിർദേശിക്കപ്പെട്ട ഭൂമി ഗുണഭോക്തക്കളോട് പരിശോധിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അലനല്ലൂർ പഞ്ചായത്തിലെ ഉപ്പുകുളം മേഖലയിൽ ഭൂമി നഷ്ടപ്പെട്ട 19 എസ്.ടി കുടുംബങ്ങൾക്കും ഫണ്ട് അനുവദിച്ചിട്ടുണ്ട്. ഭൂമിയുടെ വിശദാംശം പരിശോധിച്ച് രജിസ്‌ട്രേഷൻ നടത്തും. യോഗത്തിൽ തഹസിൽദാർ ബാബുരാജ്, പി.ഒ.അജിത്, ഉദയൻ, ഇല്യാസ് താളിയിൽ, രജി, മെഹർബാൻ, റഷീദ് ആലായൻ സംബന്ധിച്ചു.