മണ്ണാർക്കാട്: വിദേശ സർവകലാശാലകളുടെ ഓൺലൈൻ കോഴ്‌സുകൾ സൗജന്യമാക്കിയും നൂതന ഡിജിറ്റൽ സാങ്കേതിക സംവിധാനങ്ങളോടെയും കല്ലടി കോളേജിൽ ക്ലാസുകൾ ആരംഭിച്ചു. ജില്ലയിൽ ആദ്യമായി പ്രമുഖ ഓൺലൈൻ കോഴ്‌സ് ദാതാക്കളായ 'കോഴ്‌സ് ഇറ"യുമായി സഹകരിച്ച് ലോക പ്രശസ്ത സർവകലാശാലകളുടെ കോഴ്‌സുകൾ സൗജന്യമായി പഠിക്കുവാൻ കോളേജ് അവസരം ഒരുക്കിയിട്ടുണ്ട്. മിഷിഗൺ, കൊളറാഡോ, ഐ.ബി.എം, യാലെ തുടങ്ങിയ സർവകലാശാലകളിലെ 3800ഓളം കോഴ്‌സുകൾ ഇതിലൂടെ പഠിക്കാം.
കോളേജിലെ വിദ്യാർത്ഥികൾ, അദ്ധ്യാപകർ, പൂർവ്വ വിദ്യാർത്ഥികൾ, മറ്റ് വിദ്യാർത്ഥികൾ, ഇതര സ്ഥാപനങ്ങളിലെ അദ്ധ്യാപകർ എന്നിവർക്കെല്ലാം പ്രയോജനം ലഭിക്കും. സാധാരണ നിലയിൽ 6000 മുതൽ 10000 രൂപ വരെ ചെലവ് വരുന്ന കോഴ്‌സുകൾ തികച്ചും സൗജന്യമായാണ് ലഭ്യമാക്കുന്നത്.
കോഴ്‌സുകൾ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഭാവിയിലേക്ക് ഉപകാരപ്രദമായ സർട്ടിഫിക്കറ്റുകളും ലഭിക്കും. കോളേജിലെ പുതിയ ഇന്ററാക്ടീവ് ഇന്റലിജന്റ് പാനലുകൾ ഉപയോഗിച്ച് ഏറ്റവും സൗകര്യപ്രദമായി ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിക്കുവാൻ കഴിയും. ഇതിലൂടെ വെബെക്‌സ്, ഗൂഗിൾ ക്ലാസ്, യു ട്യൂബ് വീഡിയോസ് എന്നിവ വേഗത്തിൽ റെക്കോർഡ് ചെയ്ത് അയക്കാൻ സാധിക്കും. ഇതിനായി അമ്പതോളം ക്ലാസ് റൂമുകൾ തയ്യാറാക്കിയിട്ടുണ്ടെന്ന് കോളേജ് അധികൃതർ അറിയിച്ചു.