flood
മഴക്കെടുതി

പാലക്കാട്: കാലവർഷം ശക്തമാകുമ്പോൾ അട്ടപ്പാടിക്കാരുടെയും മലയോര മേഖലകളിലുള്ളവരുടെയും മനസിൽ ആശങ്ക വർദ്ധിക്കും. 2018ന് സമാനമായ അതിവർഷം ഇത്തവണയും ഉണ്ടായാൽ പ്രളയബാധിത പ്രദേശങ്ങളിലുള്ളവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കു മാറ്റുക പ്രധാന വെല്ലുവിളിയാണ്, പ്രത്യേകിച്ച് കൊവിഡ് പിടിമുറുക്കുമ്പോൾ. അതിനാൽ തന്നെ സംസ്ഥാനത്ത് യെല്ലോ അലർട്ട് പ്രഖ്യാപിക്കുമ്പേ‍ാൾ തദ്ദേശ, റവന്യു സ്ഥാപനങ്ങൾ അടിയന്തര സാഹചര്യം നേരിടാൻ തയാറായിരിക്കണമെന്ന് സർക്കാർ നിർദ്ദേശിച്ചു.

കഴിഞ്ഞ പ്രളയത്തിൽ വ്യാപക ഉരുൾപൊട്ടലുണ്ടായ സ്ഥലങ്ങളാണ് നെന്മാറ അളുവാശേരിയിലെ ചേരുങ്കാട്, മണ്ണാർക്കാട് തിരുവിഴാംകുന്നിലെ കരടിയോട് സ്ഥലങ്ങൾ. കൂടാതെ ശക്തമായ മഴ പെയ്താൽ അട്ടപ്പാടി ചുരം പാതയിൽ മണ്ണിടിച്ചിലും വ്യാപകമാവും. ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിലയ്ക്കുന്ന സാഹചര്യമുണ്ടായാൽ അട്ടപ്പാടി ഒറ്റപ്പെടും. കഴിഞ്ഞ പ്രളയസമയത്ത് അട്ടപ്പാടിയിലെ ഊരുകൾ പലതും ഒറ്റപ്പെടുന്ന സാഹചര്യവും ദിവസങ്ങളോളം വൈദ്യുതിയും ആശയവിനിമയ സൗകര്യങ്ങളും ഇല്ലാതിരുന്ന അവസ്ഥയുണ്ടായിരുന്നു. ഇത്തവണ അതെല്ലാം മുന്നിൽ കണ്ടാണ് സർക്കാരും തദ്ദേശ സ്ഥാപനങ്ങളും മുന്നൊരുക്കം നടത്തുന്നത്.

നാലുതരം ക്യാമ്പുകൾ

കൊവിഡ് രേ‍ാഗവ്യാപനം ആശങ്കയുണ്ടാക്കുന്നതിനാൽ ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിൽ അതീവ ജാഗ്രത വേണം. 60ന് മുകളിലുള്ളവർ, കൊവിഡ് രേ‍ാഗലക്ഷണമുള്ളവർ, ഹേ‍ാം ക്വാറന്റൈനിലുള്ളവർ, മറ്റുള്ള കുടുംബങ്ങൾ എന്നിങ്ങനെ നാലുതരം ക്യാമ്പുകളാവും ഒരുക്കുക. ക്യാമ്പുകളിൽ രേ‍ാഗപ്രതിരേ‍ാധ സംവിധാനം ഉറപ്പാക്കും. ജനപ്രതിനിധികൾ ഉൾപ്പെട്ട കമ്മിറ്റി സ്ഥിതിഗതി വിലയിരുത്തി നടപടി സ്വീകരിക്കണം. ക്യാമ്പുകളിലേക്ക് ആവശ്യമായ ഭക്ഷണം, മാലിന്യ സംസ്കരണം, ചികിത്സ തുടങ്ങിയവയും സമയബന്ധിതമായി നടത്തണം.

ആദ്യഘട്ട ക്യാമ്പ്

താഴ്ന്ന പ്രദേശത്ത് താമസിക്കുന്നവർ, പുഴയോരത്തും വയൽക്കരയിലും വീടുള്ളവർ, പുറംപേ‍ാക്കിൽ താമസിക്കുന്നവർ, വാസയേ‍ാഗ്യമല്ലെന്ന് ജിയേ‍ാളജിക്കൽ സർവേ ഒ‍ാഫ് ഇന്ത്യ കണ്ടെത്തിയ സ്ഥലത്ത് താമസമാക്കിയവർ എന്നിവരെയാണ് യെല്ലോ അലേർട്ട് പ്രഖ്യാപിക്കുന്ന ആദ്യഘട്ടത്തിൽ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുക. ഇത്തരം സാഹചര്യങ്ങളിൽ കഴിയുന്നവരുടെ പേരും ഫോൺ നമ്പറും ഉൾപ്പെടെയുള്ള വിവരം ശേഖരിക്കും. കുട്ടികൾ, ഗർഭിണികൾ, രേ‍ാഗികൾ, വയേ‍ാധികർ എന്നിവരോട് ബന്ധുവീടുകളിലേക്ക് മാറാൻ നിർദ്ദേശം നൽകണമെന്നും ഉത്തരവിൽ പറയുന്നു.