bridge
അപകടാവസ്ഥയിലായ കൂടല്ലൂർ കൂമാന്തോട് പാലം

കൂറ്റനാട്: തൃത്താല- കുമ്പിടി റോഡിലെ കൂടല്ലൂർ കൂമാന്തോട് പാലം അപകടാവസ്ഥയിൽ. പാലത്തിന് സമീപം റോഡ് ഒരുവശം താഴ്ന്ന നിലയിലാണ്. തൃത്താല, പട്ടാമ്പി, കൂറ്റനാട്‌, ഷൊർണൂർ ഭാഗങ്ങളെ കുറ്റിപ്പുറവുമായി ബന്ധിപ്പിക്കുന്നതും കോഴിക്കോട് ഭാഗത്തേക്കുള്ള സുഗമമായ റോഡുമാണിത്.

ഭാരതപ്പുഴയുടെ കൈവഴിയായ കൂമൻ തോടിന് കുറുകെയുള്ള പാലത്തിന് സമീപമാണ് മണ്ണിടിച്ചൽ. കഴിഞ്ഞ രണ്ടുപ്രളയ കാലത്തും ഭാരതപ്പുഴയിൽ നിന്നുള്ള വെള്ളം കയറിയത് മൂലം പാലവും പരിസര പ്രദേശങ്ങളും ദിവസങ്ങളോളം വെള്ളത്തിനടിയിലായിരുന്നു. അപ്പോഴെല്ലാം ഇതുവഴിയുള്ള വാഹന ഗതാഗതം നിറുത്തി വെച്ചിരുന്നു. ഇത്തവണ മഴ തുടങ്ങുന്നതിന് മുമ്പ് തന്നെ പാലം അപകടത്തിലായത് ഗതാഗതത്തെ സാരമായി ബാധിച്ചു. പാലത്തിന് സമീപത്തെ താഴ്ന്ന പ്രദേശങ്ങളിൽ നിരവധി വീടുകൾ സ്ഥിതി ചെയ്യുന്നുണ്ട്. കാലാവസ്ഥ ശക്തി പ്രാപിക്കുന്നതോടെ പാലത്തിന്റെ
അപകടാവസ്ഥ പ്രദേശത്തെ വീടുകൾക്കും ജനങ്ങൾക്കും ദുരിതമാകും.

ഗതാഗത നിയന്ത്രണം

കൂമാന്തോട് പാലത്തിന് സമീപം മണ്ണിടിച്ചിലിന് സാദ്ധ്യത ഉളളതിനാൽ ഭാരവാഹനങ്ങളുടെ ഗതാഗതം നിരോധിച്ചു. കുറ്റിപ്പുറത്ത് നിന്ന് തൃത്താലയിലേക്ക് വരുന്ന വാഹനങ്ങൾ മണ്ണിയം- പെരുമ്പലം വഴിയോ ആനക്കര വഴിയോ പോകണം. തൃത്താലയിൽ നിന്ന് കുറ്റിപ്പുറത്തേക്ക് പോകുന്ന വലിയ വാഹനങ്ങൾ ആനക്കര വഴിയോ വെളളിയാങ്കല്ല് വഴിയോ പോകണം.