പാലക്കാട്: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തിൽ പരിസ്ഥിതി ദിനമായ അഞ്ചിന് ജില്ലയിൽ 6,98,355 ഫലവൃക്ഷ തൈകൾ വിതരണം ചെയ്യും. കൃഷി വകുപ്പിന്റെ കീഴിലുള്ള ജില്ലയിലെ ഫാമുകളിൽ ഉല്പാദിപ്പിക്കുന്ന 2,27,435 തൈകൾ, പട്ടാമ്പി റീജിയണൽ അഗ്രികൾച്ചർ റിസർച്ച് സ്റ്റേഷന്റെ നേതൃത്വത്തിൽ 28000, വെജിറ്റബിൾസ് ആന്റ് ഫ്രൂട്ട്സ് പ്രമോഷൻ കൗൺസിലിന്റെ 3,85,000, തൊഴിലുറപ്പിന്റെ നേതൃത്വത്തിൽ 50000, പഞ്ചായത്ത് തലത്തിലുള്ള കാർഷിക കർമ്മസേന 7920 എന്നിങ്ങനെ 6,98,355 തൈകളാണ് നൽകുക.
തദ്ദേശ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവരുടെ നേതൃത്വത്തിൽ സർക്കാർ സ്ഥാപനങ്ങളുടെ പരിസരം, പൊതുസ്ഥലങ്ങൾ, വിദ്യാലയ പരിസരം എന്നിവിടങ്ങളിൽ തൈകൾ നട്ട് പരിപാലനം ഉറപ്പുവരുത്തും.
ഫാം പ്ലാൻ
ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസനം, കുടുംബശ്രീ, ഡി.ആർ.ഡി.എ, നബാർഡ്, ലീഡ് ബാങ്ക് എന്നിവയുടെ സഹകരണത്തോടെ പദ്ധതി വിപുലപ്പെടുത്തും. ഇതിനായി ഫാം പ്ലാൻ തയ്യാറാക്കി നൽകും.
രണ്ടാംഘട്ടം
പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ ജൂലായിയിൽ കുടുംബശ്രീയുടെ കൂടെ സഹകരണത്തോടെ 7,67,710 തൈകൾ ഉല്പാദിപ്പിച്ച് വിതരണം ചെയ്യും. ഇതു കൂടാതെ സോഷ്യൽ ഫോറസ്ട്രി വകുപ്പിന്റെ നേതൃത്വത്തിൽ 95000 വ്യക്ഷതൈകൾ സൗജന്യമായും നൽകും.