പാലക്കാട്: അപകടത്തിൽപ്പെട്ട ആളെ വിദഗ്ദ്ധ ചികിത്സയ്ക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലൻസ് മതിലിടിച്ച് നഴ്സ് മരിച്ചു. പാലാന ആശുപത്രി നഴ്സും കോട്ടയം പുതുപ്പള്ളി തൃക്കോതമംഗലം വട്ടക്കളത്തിൽ വീട്ടിൽ കുര്യക്കോസ്- തങ്കമ്മ ദമ്പതികളുടെ മകനുമായ ജിബുവാണ് (38) മരിച്ചത്.
ഇന്നലെ രാവിലെ ജില്ലാശുപത്രിയിൽ അപകടത്തിൽപ്പെട്ട ആളെ പ്രവേശിപ്പിച്ചിരുന്നു. ഇയാലെ വിഗദ്ധ ചികിത്സയ്ക്ക് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ട് പോകുന്നതിനിടെ വടക്കാഞ്ചേരി ഓട്ടുപാറയിൽ വെച്ചാണ് അപകടം സംഭവിച്ചത്. എതിരെ വന്ന ബൈക്ക് യാത്രികനെ രക്ഷിക്കുന്നതിനിടെ ആംബുലൻസ് മതിലിടിച്ച് മറിഞ്ഞ് സംഭവ സ്ഥലത്തെ തന്നെ ജിബു മരിച്ചു. ആംബുലൻസിൽ രോഗിയും ഒപ്പമുണ്ടായിരുന്ന അഞ്ചുപേരും രക്ഷപ്പെട്ടു. പരിക്കേറ്റ ആംബുലൻസ് ഡ്രൈവർ തേങ്കുറുശി സ്വദേശി അജയനെ (34) തൃശൂരിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ജിബുവിന്റെ ഭാര്യ നിവ്യ ഒമാനിൽ നഴ്സാണ്. മൃതദേഹം ഇന്ന് കോട്ടയത്ത് സംസ്‌കരിക്കും.