പാലക്കാട്: ജില്ലയിൽ ആരോഗ്യ പ്രവർത്തകയ്ക്ക് ഉൾപ്പെടെ അഞ്ചുപേർക്ക് കൂടി കൊവിഡ്. കഴിഞ്ഞ ദിവസം രോഗമുക്തി നേടിയ ആൾ ആശുപത്രി വിട്ടതോടെ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 143 ആയി.
ആരോഗ്യ പ്രവർത്തകയ്ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇവർ വാളയാറിലാണോ ജില്ലാ ആശുപത്രിയിലാണോ ജോലി ചെയ്തിരുന്നതെന്ന വിവരം അധികൃതർ പുറത്തുവിട്ടിട്ടില്ല. ഇവരുടെ സ്വദേശം സംബന്ധിച്ചും വ്യക്തതയില്ല. കഴിഞ്ഞ ദിവസവും ആരോഗ്യ പ്രവർത്തകയ്ക്ക് രോഗബാധ സ്ഥിരീകരിച്ചപ്പോൾ സമാനമായ സ്ഥിതിയായിരുന്നു.
ഇന്നലെ രോഗം സ്ഥിരീകരിച്ച മറ്റുള്ളവർ മുംബൈ, ബംഗളൂരു, ദുബായ്, കുവൈത്ത് എന്നിവിടങ്ങളിൽ നിന്നെത്തിയവരാണ്. മുംബൈയിൽ നിന്ന് മേയ് 14ന് രാജധാനി എക്‌സ്പ്രസിൽ നാട്ടിലെത്തിയ അലനല്ലൂർ സ്വദേശി (23, പുരുഷൻ), 21ന് ബംഗളുരുവിൽ നിന്നെത്തിയ പാലക്കാട് അംബികാപുരം സ്വദേശി (23, പുരുഷൻ), ദുബായിൽ നിന്ന് 26ന് എത്തിയ തച്ചമ്പാറ സ്വദേശി (22, പുരുഷൻ), കുവൈത്തിൽ നിന്ന് 28ന് വന്ന കൊല്ലങ്കോട് സ്വദേശി (61, പുരുഷൻ) എന്നിവർക്കാണ് രോഗബാധ.
നിലവിൽ രോഗലക്ഷണങ്ങളോടെ ജില്ലയിലെ വിവിധ ആശുപത്രികളിലായി 32 പേരാണ് നിരീക്ഷണത്തിലുള്ളത്. ജില്ലാ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന രണ്ട് ഗർഭിണികളെ ഇന്നലെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.