waste
മാലിന്യം

പാലക്കാട്: വർഷകാലം ആരംഭിച്ചിട്ടും നേരത്തെ നഗരത്തിൽ പ്രളയ ബാധിതമായ സ്ഥലങ്ങളിലെയും തോടുകളിലെയും മാലിന്യം നീക്കിയില്ല. കഴിഞ്ഞ രണ്ടുവർഷം ജില്ലയിൽ പ്രളയമുണ്ടായ സ്ഥലങ്ങളിലെ വെള്ളം കയറുന്നതിന്റെ തോത് കുറയ്ക്കാനായി തടസങ്ങളെല്ലാം മേയ് അവസാനത്തോടെ നീക്കുമെന്നാണ് നേരത്തെ അധികൃതർ പറഞ്ഞിരുന്നത്.

തദ്ദേശ സ്ഥാപനങ്ങളും അഗ്നിശമനസേനയും സംയുക്തമായാണ് പ്രവർത്തനം ചെയ്യേണ്ടത്. ഇതിന്റെ ഭാഗമായി സേനയുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച് മാലിന്യത്തിന്റെ തോത് പരിശോധിക്കുന്ന പ്രവർത്തനം മാത്രമാണ് നടന്നത്. കൊവിഡ‌് വ്യാപനവും ലോക്ക്ഡൗണും സൃഷ്ടിച്ച പ്രതിസന്ധിയിൽ മാലിന്യനീക്കം നിലയ്ക്കുകയായിരുന്നു.

നഗരത്തോട് ചേർന്ന് ശംഖുവാരത്തോട്, സുന്ദരൻ കോളനി, കുമാരസ്വാമി കോളനി, പുത്തൂർ, അകമലവാരം, ഒലവക്കോട് കോളനി എന്നിവിടങ്ങളിലാണ് കഴിഞ്ഞ രണ്ട് വർഷവും പ്രളയം കൂടുതലായി ബാധിച്ചത്. നിരവധി പേർക്ക് വെള്ളം കയറി വീടുകൾ പൂർണ്ണമായി നഷ്ടപ്പെട്ടു. കോളനികൾക്ക് സമീപത്തുള്ള തോടുകളിൽ ടൺ കണക്കിന് മാലിന്യവും മണ്ണും കുമിഞ്ഞു കൂടിയതോടെ വെള്ളത്തിന്റെ ഒഴുക്ക് നിലച്ചതാണ് വെള്ളം കയറാൻ കാരണം. ഇത്തരം മാലിന്യം നീക്കം ചെയ്താൽ പ്രശ്‌നത്തിന് പരിഹാരമാകും.

മഴ ശക്തിപ്രാപിക്കുന്നതിന് മുമ്പെങ്കിലും പ്രവർത്തനം പൂർത്തിയാക്കിയില്ലെങ്കിൽ നിലവിലെ കൊവിഡ് രോഗവ്യാപനത്തിന്റെ അവസ്ഥയിൽ കാര്യങ്ങൾ കൂടുതൽ സങ്കീർണമാകും.

ഉടൻ നീക്കണം

ഫ്ലാറ്റ്, വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യം പൊന്തക്കാടുകളിൽ അടിഞ്ഞതോടെ ശംഖുവാരതോടിന്റെ ഒഴുക്ക് നിലച്ചു. ഇത് ഏകദേശം 800 ടൺ ഉണ്ടാകും. ശംഖുവാരത്തോട് പാലം മുതൽ കുമാരസ്വാമി കോളനി വരെയുള്ള മാലിന്യം നീക്കണം. 680 വീടുകളാണ് ഇവിടെയുള്ളത്. മിക്ക വീടുകളിലും രണ്ട് കുടുംബങ്ങൾ വരെ താമസിക്കുന്നു. മാലിന്യനീക്കം ഇന്നാരംഭിക്കുമെന്നാണ് സൂചന. മിനിമം ഒരാഴ്ചയെങ്കിലും വേണം പ്രവൃത്തി പൂർത്തിയാകാൻ.

-കെ.ഭാഗ്യം, കൗൺസിലർ.

പേടി മാറിയിട്ടില്ല

മഴ പെയ്യുമ്പോൾ മനസിൽ പേടി കയറും. കഴിഞ്ഞ രണ്ട് പ്രളയത്തിലും വീട് മുഴുവൻ മുങ്ങി. ക്യാമ്പിലായിരുന്നു താമസം. ഭാര്യ, മക്കൾ, മരുമക്കൾ, പേരക്കുട്ടികൾ എന്നിവരെല്ലാമായി എട്ടുപേർ വീട്ടിലുണ്ട്. ആദ്യപ്രളയത്തിൽ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റപ്പോഴാണ് വെള്ളം കയറിയതറിഞ്ഞത്. ആ പേടി ഇപ്പോഴും മാറിയിട്ടില്ല. മാലിന്യം നീക്കം ചെയ്താൽ മാത്രമേ വെള്ളം കയറുന്നതിന് പരിഹാരമാകൂ.

-ഇസ്മയിൽ, കുമാരസ്വാമി കോളനി.

ഫണ്ട് വേണം

ശംഖുവാരത്തോട് ഉൾപ്പെടെയുള്ള മാലിന്യം നീക്കാൻ നഗരസഭയുടെ ഫണ്ട് വേണം. സ്ഥലം പരിശോധിച്ച് ലിസ്റ്റ് നഗരസഭയ്ക്ക് കൈമാറി. പ്രവർത്തനം ഉടൻ ആരംഭിക്കുമെന്നാണ് അറിയിച്ചത്.

-അരുൺ ഭാസ്കർ, ജില്ലാ ഫയർ ഒാഫീസർ.