ksrtc
കെ.എസ്.ആർ.ടി.സി

പാലക്കാട്: കെ.എസ്.ആർ.ടി.സി അന്തർ ജില്ലാ സർവീസുകൾ ആരംഭിച്ചെങ്കിലും യാത്രക്കാർ നാമമാത്രം. കളക്ഷനും കുറവ്. പാലക്കാട്, മണ്ണാർക്കാട്, വടക്കഞ്ചേരി, ചിറ്റൂർ ഡിപ്പോകളിൽ നിന്ന് അരമണിക്കൂർ ഇടവിട്ട് തൃശൂർ, മലപ്പുറം ജില്ലകളിലേക്ക് 94 സർവീസുകളാണ് നടത്തിയത്.

പാലക്കാട്- 31, വടക്കഞ്ചേരി- 21, മണ്ണാർക്കാട്- 22, ചിറ്റൂർ- 20 എന്നിങ്ങനെയായിരുന്നു സർവീസുകൾ. മുഴുവൻ സീറ്റുകളിലും യാത്രക്കാരെ അനുവദിക്കുമെങ്കിലും നിന്ന് യാത്ര ചെയ്യാൻ പറ്റില്ല. ചാർജ്ജ് വർദ്ധന പിൻവലിച്ചതിനാൽ ലോക്ക് ഡൗണിന് മുമ്പുള്ള ടിക്കറ്റ് നിരക്കാണ്. ജൂൺ ഒന്നിന് 3,​79,​101 രൂപയും രണ്ടിന് 2,​49,​450 രൂപയുമാണ് ജില്ലയിലെ കളക്ഷൻ.

ഡിപ്പോ തിരിച്ചുള്ള കളക്ഷൻ

ജൂൺ ഒന്ന്

പാലക്കാട്- 126686 രൂപ
മണ്ണാർക്കാട്- 99322 രൂപ
വടക്കഞ്ചേരി- 85366 രൂപ
ചിറ്റൂർ- 67727 രൂപ

ജൂൺ രണ്ട്

പാലക്കാട്- 82239 രൂപ
മണ്ണാർക്കാട്- 63707 രൂപ
വടക്കഞ്ചേരി- 57575 രൂപ
ചിറ്റൂർ- 45929 രൂപ

യാത്രക്കാർക്ക് അനുസരിച്ച് കൂടുതൽ സർവീസ്

മറ്റു ജില്ലകളിലേക്ക് യാത്രക്കാരുടെ എണ്ണം കൂടുന്നതിനനുസരിച്ച് കൂടുതൽ ബസുകൾ നിരത്തിലിറക്കുന്നത് പരിഗണിക്കും. സ്വകാര്യ ബസുകൾ സാധാരണ രീതിയിൽ സർവീസ് ആരംഭിച്ചാൽ നിലവിൽ ജില്ലയ്ക്കകത്ത് ഓടുന്ന കെ.എസ്.ആർ.ടി.സി ബസുകളിലെ തിരക്ക് കുറയും.
-ടി.എ.ഉബൈദ്, ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ, പാലക്കാട്.

സാമൂഹിക അകലം പേരിൽ മാത്രം

ജൂൺ ഒന്നുമുതൽ മുഴുവൻ സീറ്റുകളിലും യാത്രക്കാരെ അനുവദിക്കാമെന്ന് നിർദേശം വന്നതോടെ പല റൂട്ടുകളിലും സീറ്റുകൾ നിറഞ്ഞാലും യാത്രക്കാരെ കയറ്റുന്നതോടെ സാമൂഹിക അകലം പാലിക്കാതെ നിന്ന് യാത്ര ചെയ്യുന്ന കാഴ്ച പതിവാണ്. കൊവിഡ് രോഗവ്യാപനവും സമ്പർക്കം മൂലമുള്ള രോഗബാധയും കൂടിവരുന്ന സാഹചര്യത്തിലാണ് ഇത്തരം യാത്ര ചെയ്യുന്നത്.