online-class
ഓൺലൈൻ ക്ളാസ്

പാലക്കാട്: അട്ടപ്പാടി ആദിവാസി മേഖല ഉൾപ്പെടെ ജില്ലയിൽ ഓൺലൈൻ സംവിധാനമില്ലാത്ത എല്ലാ വിദ്യാർത്ഥികൾക്കും സൗകര്യമൊരുക്കാൻ വിദ്യാഭ്യാസ വകുപ്പ് നടപടി ആരംഭിച്ചു. സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ നടത്തിയ സർവേ പ്രകാരം ആദ്യദിനം ഓൺലൈൻ ക്ലാസുകളിൽ പങ്കെടുത്തത് 2,99,037 വിദ്യാർത്ഥികളാണ്.

ഒന്നു മുതൽ പ്ലസ് ടു വരെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികളുടെ കണക്കാണിത്. 3,32,394 വിദ്യാർത്ഥികളാണ് ആകെയുള്ളത്. ടെലിവിഷൻ, സ്മാർട്ട് ഫോൺ തുടങ്ങിയ ആധുനിക സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ വകുപ്പ്, എസ്.എസ്.കെ, തദ്ദേശ സ്ഥാപനങ്ങൾ, ജനപ്രതിനിധികൾ, പട്ടികവർഗ വികസന വകുപ്പ് എന്നിവരുടെ നേതൃത്വത്തിൽ ഉടൻ സൗകര്യം ലഭ്യമാക്കും.

അട്ടപ്പാടി മേഖലയിലെ വിദ്യാർത്ഥികളിൽ 15% പേർക്ക് ഓൺലൈൻ സൗകര്യമില്ല. അഗളിയിൽ 413, പുതൂരിൽ 153, ഷോളയൂരിൽ 131 വിദ്യാർത്ഥികളാണ് പഠനത്തിന് ബദൽ മാർഗം തേടുന്നത്. ജില്ലയിലാകെ 11,471 വിദ്യാർത്ഥികൾക്ക് സൗകര്യം ഏർപ്പെടുത്തണം. ഇത്രയും വിദ്യാർത്ഥികൾക്കായി ശരാശരി 362 ടി.വി വേണം.

കണക്കുകൾ ഇങ്ങനെ

മേഖല കുട്ടികൾ ശരാശരി വേണ്ട ടി.വി

അഗളി- 697-27

ആലത്തൂർ- 832- 25

ചെർപ്പുളശേരി- 477- 13

ചിറ്റൂർ- 1469- 43

കൊല്ലങ്കോട്- 1102- 36

കുഴൽമന്ദം- 627- 18

മണ്ണാർക്കാട്-2660- 93

ഒറ്റപ്പാലം- 447- 14

പാലക്കാട്- 349- 5

പറളി- 521- 11

പട്ടാമ്പി- 957- 36

ഷൊർണൂർ- 679- 25

തൃത്താല- 624- 16

ആകെ- 11471- 362

സൗകര്യം ഏർപ്പെടുത്തും

അട്ടപ്പാടി മേഖലയിൽ സമൂഹ പഠനമുറി, കമ്മ്യൂണിറ്റി ഹാൾ എന്നിവിടങ്ങളിലും മറ്റു സ്ഥലങ്ങളിൽ വായനശാല, അക്ഷയ കേന്ദ്രം എന്നിവിടങ്ങളിലുമായി അടുത്തയാഴ്ച തന്നെ സൗകര്യം ഏർപ്പെടുത്തും. നിലവിൽ പ്രക്ഷേപണം നടക്കുന്നത് ട്രയൽ ആതിനാൽ ക്ലാസ് നഷ്ടമായ വിദ്യാർത്ഥികൾ വിഷമിക്കേണ്ട ആവശ്യമില്ല. ഇവർക്ക് അടുത്താഴ്ച വീണ്ടും ക്ലാസിൽ പങ്കെടുക്കാം.പ്രാക്തന ഗോത്ര മേഖലയിലെ ഊരുകളിൽ ക്ലാസുകൾ റെക്കാർഡ് ചെയ്ത് കാണിക്കും.

-ജയപ്രകാശ്, ജില്ലാ കോഓർഡിനേറ്റർ, എസ്.എസ്.കെ.