കടമ്പഴിപ്പുറം: വിക്ടേർസ് ചാനൽ വഴി ഫസ്റ്റ് ബെൽ എന്ന പേരിൽ ആരംഭിച്ച വിദ്യാഭ്യാസ വകുപ്പിന്റെ ഓൺലൈൻ പഠനം തുടങ്ങിയത് പാളമല ആദിവാസി കോളനിയിലെ വിദ്യാർത്ഥികൾ അറിഞ്ഞിട്ടില്ല. അവധിക്കാലം കഴിഞ്ഞ് അദ്ധ്യയന വർഷം ആരംഭിച്ച വിവരം ബന്ധപ്പെട്ടവർ കോളനി നിവാസികളെ അറിയിച്ചിട്ടു പോലുമില്ല.
പത്തുപേരാണ് ഇവിടെ ഒന്നുമുതൽ 10 വരെ ക്ലാസിൽ പഠിക്കുന്നത്. എട്ട് വിദ്യാർത്ഥികൾ കടമ്പഴിപ്പുറം ജി.യു.പി.എസിലും രണ്ടുപേർ പുലാപ്പറ്റ ഹൈസ്‌കൂളിലും. ഓൺലൈൻ പഠനത്തിന് നടപടിയെടുക്കുമെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും അതിനായി യാതൊരു സൗകര്യവും ഒരുക്കിയിട്ടില്ല. കോളനിയിൽ ലക്ഷങ്ങൾ മുടക്കി സാംസ്‌കാരിക കേന്ദ്രം നിർമ്മിച്ചെങ്കിലും വൈദ്യുതീകരണം ഉൾപ്പെടെയുള്ള പണി പൂർത്തികരിക്കാനുണ്ട്.
കോളനിയിൽ ഒമ്പത് കുടുംബങ്ങളാണുള്ളത്. നാലുകുടുംബങ്ങളുടെ വൈദ്യുതി മുടങ്ങി മാസങ്ങളായി. അദാലത്തിൽ ഇത് സംബന്ധിച്ച് നിവേദനം നൽകിയെങ്കിലും അധികൃതർ അനങ്ങിയില്ല. നിലവാരം കുറഞ്ഞ സാമഗ്രികൾ കൊണ്ടുള്ള വയറിംഗ് പലയിടത്തും കത്തിയിട്ടുണ്ട്.
-വിശ്വനാഥൻ, സെക്രട്ടറി, പാളമല സംരക്ഷണ സമിതി.