പാലക്കാട്: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വനംവകുപ്പിന്റെ സാമൂഹ്യ വനവത്കരണ വിഭാഗം തയ്യാറാക്കിയ 3.73 ലക്ഷം വൃക്ഷത്തൈകൾ വിതരണം ചെയ്യും. ഇതിൽ 2.98 ലക്ഷം ഫലവൃക്ഷ തൈകളാണ്. ഇന്നുതുടങ്ങി ജൂലായിൽ നടക്കുന്ന വനമഹോത്സവം പരിപാടിവരെ തദ്ദേശസ്ഥാപനങ്ങൾ, സർക്കാർ - സ്വകാര്യ സ്ഥാപനങ്ങൾ, വിവിധ മതസ്ഥാപനങ്ങൾ, യുവജന സംഘടനകൾ എന്നിവ വഴി തൈകൾ സൗജന്യമായി നൽകും.
വനസംരക്ഷണ സമിതികളുടെ നേതൃത്വത്തിൽ ആദിവാസി ഊരുകളിലും മറ്റ് വനമേഖലകളിലും പലജാതി വൃക്ഷതൈകൾ വനംവകുപ്പ് നട്ടുപിടിപ്പിക്കും. ജില്ലാതല തൈവിതരണം മലമ്പുഴ ജില്ലാ ജയിലിൽ ഇന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.ശാന്തകുമാരി ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്താകെ വനംവകുപ്പ് 57.7 ലക്ഷം തൈകളാണ് വിതരണം ചെയ്യുക. തൈകൾ, വിതരണം സംബന്ധിച്ച് ജില്ലാ സാമൂഹ്യവനവത്കരണ വിഭാഗം കൺസർവേറ്ററുമായി ബന്ധപ്പെടാം. ഫോൺ: 0491- 2555521, 8547603750.
വിതരണം ചെയ്യുന്നവ
മാവ്, ഞാവൽ, പുളി, പ്ലാവ്, അമ്പഴം, മാതളം, സപ്പോട്ട, റംബൂട്ടാൻ, കണിക്കൊന്ന, മന്ദാരം, മുരിങ്ങ, മഞ്ചാടി, മണിമരുത്, കുന്നിവാക, തേക്ക്, ഈട്ടി, കുമ്പിൾ, പൂവരശ്, മുള, ദന്തപാല, അഗത്തിചീര.
ഒരു വർഷം പ്രായമായ തൈകളും വില്പനയ്ക്ക്
സൗജന്യ തൈകൾക്കു പുറമെ ഒരുവർഷം പ്രായമായ തേക്ക്, ഉങ്ങ്, ഞാവൽ, പ്ലാവ്, മാവ്, ആൽ തുടങ്ങിയ 5000 തൈകളും വിതരണത്തിന് തയ്യാറാണ്. ഒന്നിന് 60 രൂപ, കൂടാതെ 25,000 തേക്ക് സ്റ്റമ്പും വിതരണം ചെയ്യും. ഇവ ഒന്നിന് 11 രൂപയാണ് വില.
ജി.ഹരികൃഷ്ണൻ നായർ, ഡെപ്യൂട്ടി കൺസർവേറ്റർ, സാമൂഹ്യ വനവത്കരണ വിഭാഗം, പാലക്കാട്.