പാലക്കാട്: ജില്ലയിൽ ഒരു കൊവിഡ് മരണം സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: കെ.പി.റീത്ത അറിയിച്ചു. നിരീക്ഷണത്തിൽ ഇരിക്കെ ചൊവ്വാഴ്ച രാത്രി മരണപ്പെട്ട കടമ്പഴിപ്പുറം ചെട്ടിയാംകുന്ന് താഴത്തേതിൽ വീട്ടിൽ പരേതനായ ബാലഗുപ്തന്റെ ഭാര്യ മീനാക്ഷിയമ്മാളുടെ (73) കൊവിഡ് പരിശോധനാഫലം പോസിറ്റീവായി. മെയ് 30ന് നടത്തിയ ആദ്യ പരിശോധനയിൽ ഫലം നെഗറ്റീവ് ആയിരുന്നു. തുടർന്ന് മെയ് 31ന് വീണ്ടും പരിശോധനയ്ക്ക് അയക്കുകയും വ്യാഴാഴ്ച ഫലം പോസിറ്റീവാകുകയായിരുന്നു.
ചെന്നൈയിൽ നിന്ന് മെയ് 25നാണ് ഇവർ നാട്ടിലെത്തിയത്. ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് മെയ് 29 ന് ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രമേഹം, ന്യൂമോണിയ എന്നീ രോഗങ്ങൾ ഉണ്ടായിരുന്നതായി അധികൃതർ അറിയിച്ചിട്ടുണ്ട്. മക്കൾ: ചന്ദ്രിക, കോമളവല്ലി, ലളിത, സുഭദ്ര, പരേതയായ പത്മ, സുബ്രഹ്മണ്യൻ, സുനിൽദാസ്. മരുമക്കൾ: ഗോപാലകൃഷ്ണൻ, രാമകൃഷ്ണൻ, രമേശ്, മോഹനൻ, പ്രീതി, ജയലക്ഷ്മി.