rajesh
രാജേഷ് അടയ്ക്കാപുത്തൂർ

ഒറ്റപ്പാലം: ' ആഗോള താപനത്തിന് മരമാണ് മറുപടി" വനം വകുപ്പിന്റെ സന്ദേശം ജീവിതത്തിൽ സ്വീകരിച്ച പരിസ്ഥിതി പ്രവർത്തകനാണ് രാജേഷ് അടയ്ക്കാപുത്തൂർ. മരങ്ങളുടെ ശ്മശാന ഭൂമിയായ മരമില്ലിൽ ജീവനക്കാരനായ രാജേഷ് ഒരു ലക്ഷത്തിൽപരം മരങ്ങൾക്ക് ഭൂമിയിൽ ജീവൻ നൽകിയാണ് തന്റെ തൊഴിന്റെ ശാപത്തിന് പ്രായശ്ചിത്തം ചെയ്യുന്നത്.

ഈർച്ച വാൾ കയറ്റി മരങ്ങളെ മരണത്തിലേക്ക് യാത്രയാക്കുന്ന തൊഴിലിനിടയിലും രാജേഷ് എണ്ണിയാലൊടുങ്ങാത്ത സ്‌നേഹത്തൈകൾ മുളപ്പിക്കുന്നു. പരിസ്ഥിതി സംഘടനയായ അടയ്ക്കാപുത്തൂർ സംസ്‌കൃതിക്ക് രൂപം നൽകി നാടാകെ മരങ്ങൾ നട്ടുവളർത്തിയാണ് രാജേഷിന്രെ ജീവിതം. തൊഴിലാളിയിൽ നിന്ന് മരമിൽ നടത്തിപ്പുകാരനായി വേഷംമാറിയ രാജേഷിന് കാലം വലിയ മാറ്റം വരുത്തി. അടയ്ക്കാപുത്തൂരിലെ മരമില്ലിലെത്തുന്നവർക്ക് സൗജന്യമായി വൃക്ഷതൈകൾ അദ്ദേഹം നൽകും. ലോകത്ത് മറ്റൊരു മരമില്ലിലും കാണാനാവാത്ത കാഴ്ച. 'ഒരു മരം വെട്ടിയാൽ പകരം പത്തുമരം നടുക" എന്ന ഉപദേശത്തോടെ ഉപഭോക്താക്കളെ അദ്ദേഹം യാത്രയാക്കും.
പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളിലായിട്ടാണ് പ്രധാനമായും പരിസ്ഥിതി പ്രവർത്തനം. വിദ്യാർത്ഥികളെയടക്കം പുതുതലമുറയെ പരിസ്ഥിതി പ്രവർത്തനത്തിൽ തല്പരരാക്കാൻ ശിശുദിനത്തിൽ ചങ്ങാതിക്കൂട്ടം എന്ന പേരിൽ പരിസ്ഥിതി ക്യാമ്പ് സംഘടിപ്പിക്കുന്നു. കലാ-സാഹിത്യ-രാഷ്ട്രീയ രംഗത്തെ പ്രമുഖർ സംസ്‌കൃതിയുടെ ബാനറിൽ മരം നട്ടു. മരണമടഞ്ഞ മഹാമനുഷ്യരുടെ സ്മരണയ്ക്കായും പ്രമുഖരുടെ പിറന്നാൾ ദിനത്തിലും മറ്റും മരം നട്ട് പരിസ്ഥിതി പ്രവർത്തനം ശ്രദ്ധേയമാക്കുന്നു. നടൻ മോഹൻലാലിന്റെ 60ാം പിറന്നാൾ ദിനത്തിൽ 60 വൃക്ഷതൈകൾ നട്ടാണ് ആദരമറിയിച്ചത്.

'ഉപജീവനത്തിന് മറുനാടൻ നഗരങ്ങളിലെത്തിയ ഒരു പത്താം ക്ലാസുകാരന് മുന്നിൽ പിന്നീട് വിധിയൊരുക്കിയ വേഷമായിരുന്നു മരമിൽ തൊഴിലാളിയുടേത്. മഹാനഗരത്തിൽ നിന്ന് നാടണയാൻ വണ്ടിക്കൂലി ഉണ്ടാക്കിയതും വിശപ്പടക്കിയതും മരമിൽ തൊഴിലാളിയുടെ വിയർപ്പിൽ നിന്നാണ്"'- രാജേഷ് പറയുന്നു. 30 വർഷമായി ചെയ്യുന്ന തൊഴിലാണിത്. മരങ്ങളുടെ ശ്മശാന ഭൂമിയിൽ തൊഴിലെടുക്കുമ്പോഴും ഭൂമിയിൽ തന്റെ കൈകളാൽ ജീവൻ വെച്ച ഒരുലക്ഷം തൈകളിലാണ് രാജേഷിന്റെ സന്തോഷം. ചിതകൾ പൂക്കുമ്പോൾ, മരങ്ങളുടെ സ്വന്തം നാട്ടിൽ എന്നീ ഡോക്യുമെന്ററികളും രാജേഷ് ഒരുക്കി.