പാലക്കാട്: സംസ്ഥാനത്ത് കാലവർഷം എത്തിയെങ്കിലും ജില്ലയിൽ ആദ്യദിവസങ്ങളിൽ ലഭിക്കേണ്ട മഴയിൽ കുറവുള്ളതായി കണക്കുകൾ വ്യക്തമാക്കുന്നു. തിരുവനന്തപുരം കാലാവസ്ഥാ കേന്ദ്രത്തിന്റെ കണക്കുകൾ പ്രകാരം ജൂൺ ഒന്നുമുതൽ നാലുവരെ ജില്ലയിൽ ആകെ ലഭിച്ചത് 22.8 എം.എം മഴയാണ്. ലഭിക്കേണ്ടത് 30.2 എം.എം, 8.4 എം.എം മഴയുടെ കുറവ്.
മുണ്ടൂർ, പട്ടാമ്പി, വടക്കഞ്ചേരി മേഖലകളിലെല്ലാം കഴിഞ്ഞദിവസം മഴ പെയ്തിരുന്നു. പട്ടാമ്പിയിൽ ഒന്നാം തിയതി 10.2 എം.എം. മഴയും രണ്ടിന് 1.3 എം.എം, മൂന്നിന് 1.8 എം.എം, നാലിന് 11.4 എം.എം എന്നിങ്ങനെ മഴ പെയ്തതായാണ് കണക്ക്. മലമ്പുഴയിൽ രണ്ടുദിവസങ്ങളിലായി ആകെ പെയ്തത് 1.7 എം.എം മഴ. പാലക്കാട് നഗരത്തിൽ ഇന്നലെ ഉച്ചയോടെ മഴ പെയ്തു.
ഈ നാലുദിവസങ്ങളിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ പെയ്തത് കോഴിക്കോട് ജില്ലയിലാണ്. 319.2 എം.എം. ലഭിക്കേണ്ടിയിരുന്നത് 69.9 എം.എം. ഏറ്റവും കുറവ് രേഖപ്പെടുത്തിയിരിക്കുന്നത് പാലക്കാട്ടാണ്. കണ്ണൂരിൽ 230.9 എം.എം, തിരുവനന്തപുരത്ത് 178.7 എം.എം, കാസർഗോഡ് 170.8 എം.എം, ആലപ്പുഴയിൽ 106 എം.എം, പത്തനംതിട്ടയിൽ 105.1 എം.എം., കോട്ടയത്ത് 90.5 എം.എം., മലപ്പുറത്ത് 75.1 എം.എം., എറണാകുളത്ത് 70.4 എം.എം., തൃശൂരിൽ 61.9 എം.എം., വയനാട് 54.5 എം.എം., ഇടുക്കിയിൽ 48.2 എം.എം. എന്നിങ്ങനെയാണ് മറ്റു ജില്ലകളിൽ ലഭിച്ച മഴക്കണക്കുകൾ.
ഇടുക്കി, കൊല്ലം, തൃശൂർ എന്നിവിടങ്ങളിൽ സാധാരണ ലഭിക്കേണ്ട മഴയാണ് പെയ്തിട്ടുള്ളത്. എന്നാൽ പാലക്കാട് ഒഴികെ മറ്റു ജില്ലകളിലെല്ലാം സാധാരണ ലഭിക്കേണ്ടതിനെക്കാളും അധികം മഴയാണ് നാലുദിവസങ്ങളിലായി പെയ്തത്. വരും ദിവസങ്ങളിൽ മഴ ശക്തമായാൽ മാത്രമേ ജില്ലയിലെ കാർഷിക പ്രവൃത്തികളും വേഗത്തിലാവൂ.