പാലക്കാട്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജില്ലാ ആശുപത്രിയെ പൂർണമായും കൊവിഡ് ചികിത്സാ കേന്ദ്രമാക്കുമെന്ന് മന്ത്രി എ.കെ.ബാലൻ. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്ലിനിക്കൽ വിഭാഗം സഹകരണ ആശുപത്രിയിലേക്കും ഒ.പി വിഭാഗം മെഡിക്കൽ കോളേജിലേക്കും മാറ്റും. നെഫ്രോളജി, ഓങ്കോളജി, കാർഡിയോളജി വിഭാഗങ്ങൾനിലനിറുത്തും. ഇതുമൂലം ജില്ലാ ആശുപത്രിയിൽ മറ്റു രോഗികളുടെ വരവ് കുറയുകയും സമ്പർക്കം വഴിയുള്ള രോഗവ്യാപനം ഒഴിവാകുമെന്നും പ്രതീക്ഷിക്കുന്നു. കൊവിഡ് പരിശോധന കൂടുതൽ കാര്യക്ഷമവും വേഗത്തിലുമാക്കാൻ മെഡിക്കൽ കോളേജിൽ ആർ.ടി.പി.സി.ആർ മെഷീൻ എത്തി. ഇത് നടപ്പാകുന്നതോടെ പരിശോധനാ ഫലം സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കാം.
ജില്ലാ ആശുപത്രിയിലെ കൊവിഡ് വാർഡിലെ ഭക്ഷണ വിതരണത്തിലെ പ്രശ്നം പരിഹരിച്ചു. പ്രഭാത ഭക്ഷണം കുടുംബശ്രീ നൽകും. ഉച്ചഭക്ഷണവും രാത്രി ഭക്ഷണവും സന്നദ്ധ സംഘടനകളാണ് ലഭ്യമാക്കുന്നത്. രാവിലത്തെ ചായ ഗസറ്റഡ് ഓഫീസേഴ്സ് സംഘടനയും വൈകിട്ടത്തെ ചായ ജില്ലാശുപത്രി അധികൃതരും ഉറപ്പാക്കും. മേൽനോട്ടം വഹിക്കാൻ നഴ്സിംഗ് സൂപ്രണ്ടിനെയും ഹെഡ് ക്ലർക്കിനെയും ചുമതലപ്പെടുത്തി.
മാങ്ങോട് കേരള മെഡിക്കൽ കോളേജിലെ ഭക്ഷണ വിതരണവും സുഗമമാക്കി. വ്യക്തികൾക്കോ സന്നദ്ധ സംഘടനകൾക്കോ ഭക്ഷണം സ്പോൺസർ ചെയ്യാൻ താല്പര്യം ഉണ്ടെങ്കിൽ ജില്ലാ കലക്ടറെയും ഡി.എം.ഒ.യെയും അറിയിക്കണം.
ലോക്ക് ഡൗൺ ഇളവ് വർദ്ധിച്ചെങ്കിലും ഹോം ക്വാറന്റൈൻ ലംഘനം, മാസ്‌ക് ധരിക്കാതിരിക്കുക എന്നിവ സംബന്ധിച്ച് പൊലീസ് പരിശോധനയും നടപടിയും കർശനമായി തുടരും. ക്വാറന്റൈൻ നിർദേശം ലംഘിച്ചതിന് 94ഉം മാസ്‌ക് ധരിക്കാത്തതിന് 4858ഉം എപ്പിഡമിക് ഡിസീസ് ഓർഡിനൻസ് ആക്ട് പ്രകാരം 7553 കേസുകളുമെടുത്തു.
ജില്ലയിലെ 42 പഞ്ചായത്താണ് ഹോട്ട് സ്‌പോട്ട് പട്ടികയിലുള്ളത്. സംസ്ഥാന തലത്തിൽ തന്നെ കൂടുതൽ ഹോട്ട് സ്പോട്ട് ജില്ലയിലാണ്. ഇതുകൂടാതെ ദിവസേന ഹോട്ട്സ്‌പോട്ടുകൾ വർദ്ധിക്കുന്നത് ആശങ്കയ്ക്കിടയാക്കുന്നു. പ്രാഥമിക സമ്പർക്കത്തിലൂടെയുള്ള രോഗ സ്ഥിരീകരണം സമൂഹ വ്യാപനത്തിന്റെ മുന്നോടിയാണ്. അതിനാൽ ബന്ധപ്പെട്ട വ്യക്തികൾ കർശനമായും ഹോം ക്വാറന്റൈൻ നിർദ്ദേശം പാലിച്ചാലേ സമ്പർക്കത്തിന്റെ ഭാഗമായുള്ള വ്യാപനം കുറയൂ. ഇതിൽ വിട്ടുവീഴ്ച ഉണ്ടായാൽ ജില്ല ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരും. ജില്ല മുഴുവൻ ഹോട്ട് സ്പോട്ടാവുന്ന സ്ഥിതിവിശേഷം എല്ലാവരും മനസുവച്ചാൽ ഒഴിവാക്കാമെന്നും അദ്ദേഹം പറഞ്ഞു.