പാലക്കാട്: തെങ്ങിൻ തോപ്പുകളിൽ ചെത്ത് സജീവമായതോടെ ജില്ലയിലെ കള്ളുല്പാദനം കൂടി. ലോക്ക് ഡൗണിനെ തുടർന്ന് വീടുകളിലേക്ക് പോയ ഭൂരിഭാഗം തൊഴിലാളികളും തിരിച്ചെത്തിയതോടെ ചിറ്റൂർ മേഖല ഉൾപ്പെടെ ചെത്ത് സജീവമായി. ഇതര ജില്ലകളിലേക്ക് കൊണ്ടുപോകുന്നതും അനുദിനം വർദ്ധിച്ചു.
ലോക്ക് ഡൗൺ ഇളവിനെ തുടർന്ന് മേയ് 13ന് ഷാപ്പുകൾ തുറന്നെങ്കിലും ചെത്ത് സജീവമല്ലാത്തതിനാൽ കള്ളെത്തുന്നത് കുറവായിരുന്നു. ആദ്യവാരങ്ങളിൽ ആവശ്യക്കാരുടെ എണ്ണം കൂടുതലായതിനെ തുടർന്ന് രാവിലെ ഒമ്പതിന് തുറക്കുന്ന ഷാപ്പുകൾ രണ്ട് മണിക്കൂറിനുള്ളിൽ കള്ള് തീർന്ന് പൂട്ടിയിരുന്നു.
കഴിഞ്ഞ ദിവസം മറ്റ് ജില്ലകളിലേക്ക് കൊണ്ടുപോയത് 1,17,000 ലിറ്റർ കള്ളാണ്. തെക്കൻ ജില്ലകളിലേക്ക് 97,000 ലിറ്ററും വടക്കൻ ജില്ലകളിലേക്ക് 20,000 ലിറ്ററും. ഷാപ്പുകൾ തുറന്ന സമയത്ത് 15,000 മുതൽ 20,000 ലിറ്റർ കള്ളായിരുന്നു പോയിരുന്നത്. തിരുവനന്തപുരം, കണ്ണൂർ ഒഴികെ 11 ജില്ലകളിലേക്കും പാലക്കാട് നിന്ന് കള്ള് വാഹനങ്ങൾ പോകാറുണ്ട്. ജില്ലയിൽ ആകെ 809 ഷാപ്പുകളാണ് ഉള്ളത്. 140 ഷാപ്പുകൾക്ക് ലൈസൻസ് ലഭിക്കാനുണ്ട്.
കഴിഞ്ഞ ദിവസം പോയത് 135 വാഹനങ്ങൾ
കഴിഞ്ഞ ദിവസം മറ്റ് ജില്ലകളിലേക്ക് ആകെ പോയത് 135 കള്ള് വാഹനങ്ങളാണ്. ഇതിൽ വടക്കൻ ജില്ലകളിലേക്ക് 25ഉം തെക്കൻ ജില്ലകളിലേക്ക് 110ഉം വാഹനങ്ങളാണ് പോയത്. സാധാരണ വടക്കോട്ട് 35ഉം തെക്കോട്ട് 160-180 വാഹനങ്ങളുമാണ് ശരാശരി പോകുന്നത്. ഉല്പാദനം കൂടിയതോടെ കള്ള് വിതരണം സാധാരണ നിലയിലായി വരുന്നുണ്ട്.
-എക്‌സൈസ് ഡിവിഷൻ അധികൃതർ, പാലക്കാട്.
വില്പന കുറഞ്ഞു
ബാറുകൾ തുറക്കുകയും തണുത്ത കാലാവസ്ഥയും ആയതോടെ ആവശ്യക്കാരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. നിലവിൽ രാവിലെ ഒമ്പതുമുതൽ വൈകിട്ട് ഏഴുവരെ തുറന്നിട്ടും പല ഷാപ്പുകളിലും 20-30 ലിറ്റർ കള്ള് ബാക്കി വരുന്ന അവസ്ഥയാണ്. മഴ ശക്തമായാൽ വില്പന വീണ്ടും കുറയും.
-കെ.കെ.ഭഗീരഥൻ, ജില്ലാ സെക്രട്ടറി, കള്ള് ഷാപ്പ് ലൈസൻസി അസോസിയേഷൻ.