paddy
നെൽകൃഷി

പാലക്കാട്: കാലവർഷം തുടങ്ങിയിട്ടും ജില്ലയിൽ പല ഭാഗത്തും കാര്യമായി മഴ ലഭിക്കാത്തതിനാൽ നെൽകർഷകർ ആശങ്കയിൽ. പല പ്രദേശത്തും മഴക്കാറ് ഉണ്ടാകുന്നുണ്ടെങ്കിലും പെയ്യാത്ത അവസ്ഥയാണ്. പെയ്യുന്ന ഭാഗങ്ങളിലാണെങ്കിൽ ശക്തവുമല്ല.

കുഴൽമന്ദം, തേങ്കുറുശി, മാത്തൂർ, കുത്തന്നൂർ, അത്തിപ്പൊറ്റ, വടക്കഞ്ചേരി ഭാഗങ്ങളിലെ കർഷകരാണ് മഴ കുറവ് മൂലം കൂടുതൽ ദുരിതത്തിലായത്. ഇവിടങ്ങളിൽ പൊടിവിത നടത്തിയ മിക് പാടങ്ങളിലും മുളവന്നില്ല. ഈർപ്പമുള്ള ചിലയിടങ്ങളിൽ മാത്രമാണ് കുറച്ചെങ്കിലും മുളച്ചിരിക്കുന്നത്. വിതച്ചിട്ട് ഒരു മാസം പിന്നിട്ടതോടെ മഴ ലഭിക്കാത്തതോടെ വിത്ത് നശിക്കുമോയെന്ന ആശങ്കയിലാണ് പലരും. വടക്കഞ്ചേരി മേഖലയിൽ വിതച്ച സമയത്ത് ആവശ്യത്തിന് മഴ ലഭിച്ചെങ്കിലും പിന്നീടുണ്ടായില്ല. ഇത് മൂലം കള പെരുകിയ അവസ്ഥയാണ്. കള പറിക്കാൻ തൊഴിലാളികളുടെ ലഭ്യതക്കുറവും വലിയ പ്രശ്‌നമാണ്.

ഞാറ് പാകിയ കർഷകർക്കാണെങ്കിൽ പറിച്ച് നടാനും പാടത്ത് വെള്ളമില്ല. മഴ പെയ്ത് വെള്ളം നിറഞ്ഞാലേ നടീൽ സാധിക്കൂ. നിലവിൽ കള പറിക്കേണ്ട സമയമായിട്ടും നടീൽ പോലും പല ഭാഗത്തും പൂർത്തിയായിട്ടില്ല. കുഴൽക്കിണർ ഉള്ളവർ വെള്ളം പമ്പ് ചെയ്ത് നടീൽ നടത്തുന്നുണ്ട്. വരും ദിവസങ്ങളിലും മഴ ലഭിച്ചില്ലെങ്കിൽ ഒന്നാംവിളയിൽ പല കർഷകർക്കും വലിയ നഷ്ടമുണ്ടാകും.

വിളവ് കുറയും
പൊടിവിത നടത്തിയവർക്ക് മഴ ലഭിച്ചില്ലെങ്കിൽ വിത്ത് മുളയ്ക്കാതെ നശിക്കും. ഞാറ് പാകിയവർക്കാണെങ്കിൽ മിനിമം 30 ദിവസത്തിനുള്ളിൽ പറിച്ചു നട്ടില്ലെങ്കിൽ മൂപ്പും കൂടും. ഇത് വിളവ് കുറയാനിടയാക്കും. മഴ ലഭിച്ചില്ലെങ്കിൽ കനാൽ വെള്ളം തുറക്കണം.

-സജീഷ്, കുത്തന്നൂർ, കർഷകൻ.

പരിശോധിക്കും

മഴക്കുറവ് മൂലം കനാൽ വെള്ളം ലഭ്യമാക്കണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ല. കനാൽ വെള്ളം ലഭ്യമാക്കണമെങ്കിൽ മിനിമം 500 ക്യു സെക്‌സ് എന്ന തോതിൽ തുറന്നുവിടണം. വരും ദിവസങ്ങളിൽ മഴ ലഭിക്കാത്ത സാഹചര്യം ഉണ്ടാകുകയാണെങ്കിൽ ആവശ്യമായ പ്രദേശങ്ങളിലേക്ക് വെള്ളം ലഭ്യമാക്കുന്നത് സംബന്ധിച്ച് പ്രൊജക്ട് അഡ്വേഴ്‌സറി കമ്മിറ്റി (പി.എ.സി) പരിശോധിച്ച് തീരുമാനമെടുക്കും.

-ബിജു, അസി.എക്സി.എൻജിനീയർ, മലമ്പുഴ ഡാം.