covid
covid

പാലക്കാട്: കഴിഞ്ഞ 26 ദിവസവും സംസ്ഥാനത്ത് ഇടവേളകളില്ലാതെ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത ജില്ലയാണ് പാലക്കാട്. പൂജ്യത്തിൽ തുടങ്ങി ഇപ്പോൾ 172ൽ എത്തിനിൽക്കുന്നു. കഴിഞ്ഞ രണ്ടുദിവസത്തിനിടെ മാത്രം 51 കേസുകൾ. സംസ്ഥാനത്ത് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത ദിവസങ്ങളിലെല്ലാം ജില്ലകളിൽ മുന്നിലുണ്ടായിരുന്നതും പാലക്കാടാണ്. വിദേശത്തുനിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും കൂടുതൽ ആളുകൾ എത്തിയതാണ് കേസുകൾ കുത്തനെ ഉയരാൻ കാരണമെന്ന് പറയുമ്പോഴും ജനങ്ങൾക്കിടെയിലെ ജാഗ്രത കുറവ് ആരോഗ്യവകുപ്പിനെ ആശങ്കയിലാക്കുന്നുണ്ട്.

 കൈകഴുകലില്ല, സാമൂഹ്യ അകലവും

ആദ്യഘട്ടത്തിൽ ബ്രേക്ക് ദി ചെയിൻ കാമ്പെയിനിന്റെ ഭാഗമായി ചെയ്തിരുന്ന 20 സെക്കന്റ് കൈകഴുകൽ ഘട്ടം ഘട്ടമായി കൂടുതൽ ഇളവുകൾ അനുവദിച്ചതോടെ ജനങ്ങൾ പൂർണമായും ഒഴിവാക്കിയ അവസ്ഥയാണ്. മുഖാവരണവും സാമൂഹ്യ അകലവും പാലിക്കണമെന്ന് സർക്കാർ നിർബന്ധംപിടിക്കുമ്പോഴും നഗരത്തിലേക്ക് എത്തുന്നവരിൽ പലരും അതൊന്നും പാലിക്കുന്നില്ലെന്നതാണ് യാഥാർത്ഥ്യം.

ഇന്നലെ വരെയുള്ള കണക്കനുസരിച്ച് ജില്ലയിൽ 172 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ 29 പേർക്ക് രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെയാണ്. കെ.എസ്.ആർ.ടി.സി - സ്വകാര്യ ബസുകൾ സർവീസ് ആരംഭിച്ചതും. ജനങ്ങൾ നഗരത്തിലേക്ക് കൂട്ടമായി എത്തുന്നതും അതീവ ഗൗരവത്തോടെ കാണേണ്ടതാണ്. സാമൂഹ്യ അകലംപാലിക്കാത്തതും മുഖാവരണം ധരിക്കാതെ പുറത്തിറങ്ങുന്നതും സമ്പർക്കത്തിലൂടെ രോഗവ്യാപനം ഉയരാൻ ഇടയാക്കും. ഇന്നു മുതൽ കൂടുതൽ ഇളവുകൾ പ്രാബല്യത്തിൽ വരുന്നതോടെ ആശങ്കയും വർദ്ധിക്കുകയാണ്. സമൂഹ വ്യാപനം ഒഴിവാക്കാൻ ജനങ്ങൾ സർക്കാർ നിർദ്ദേശം പാലിക്കണമെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ ആവശ്യപ്പെടുന്നത്.

 കേസുകൾക്ക് കുറവില്ല

ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ ജനങ്ങൾ പാലിക്കുന്നുണ്ടോയെന്ന് അറിയാൻ ജില്ലയിൽ പൊലീസ് നടത്തുന്ന പരിശോധനയുടെ ഭാഗമായി രജിസ്റ്റർ ചെയ്യുന്ന കേസുകളുടെ എണ്ണത്തിൽ കുറവില്ല. ഈ മാസം അഞ്ചു ദിവസത്തിനുള്ളിൽ ആകെ 48 കേസുകൾ രജിസ്റ്റർ ചെയ്തു. മുഖാവരണം ധരിക്കാതെ പൊതുസ്ഥലങ്ങളിൽ ഇറങ്ങിനടന്ന 193 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

 5 ദിവസത്തിനകം വളയാർവഴി എത്തിയത് 7719 പേർ

അന്യസംസ്ഥാനങ്ങളിൽ നിന്ന് വാളയാർ ചെക്ക്‌പോസ്റ്റുവഴി കഴിഞ്ഞ അഞ്ചു ദിവസത്തിനകം കേരളത്തിലെത്തിയത് എത്തിയത് 7719 പേർ. അതിർത്തികളിൽ പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ടെങ്കിലും ഊടുവഴികളിലൂടെയും വനത്തിലൂടെയും കാൽനടയായും മറ്റും നിരവധിപേർ പാലക്കാട്ടേക്ക് എത്തുന്നുണ്ട്. ഇവർ ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കാതെ പുറത്തിറങ്ങി നടക്കുന്നതായും റിപ്പോർട്ടുണ്ട്.

 സ്ഥിതി അതീവ ഗുരുതരം

 കടകളിലും ബസ് സ്റ്റാൻഡുകളിലും പൊതുയിടങ്ങളിലും ആളുകൾ സാമൂഹ്യ അകലം പാലിക്കാതെ കൂട്ടംകൂടി നിൽക്കുന്നത് പതിവാകുന്നു
 ബ്രേക്ക് ദി ചെയിനിന്റെ ഭാഗമായി പൊതുയിടങ്ങളിൽ സ്ഥാപിച്ച കൈകഴുകൽ സംവിധാനങ്ങൾ പലയിടത്തും ഉപയോഗ ശൂന്യമായി
 മുഖാവരണം ധരിക്കുന്നത് കഴുത്തിലും മൂക്കിന് താഴയുമായി
 ഓട്ടോറിക്ഷകളിൽ മൂന്നും നാലും പേർ സഞ്ചരിക്കുന്നു
 കെ.എസ്.ആർ.ടി.സി ബസുകളിൽ സാമൂഹ്യഅകലം പാലിക്കാതെ നിരവധിയാളുകൾ നിന്ന് യാത്ര ചെയ്യുന്നു
 ബസുകളിലും കടകളിലും സാനിറ്റൈസർ നൽകുന്ന ശീലം കുറഞ്ഞു
 അനാവശ്യമായി യാത്ര ചെയ്യുന്നവരുടെ എണ്ണം വർദ്ധിച്ചു