thadayana
കൂട്ടക്കടവ് തടയണ പ്രദേശം

 കാലവർഷത്തിൽ നിള കരകവിഞ്ഞൊഴുകുമെന്ന ആശങ്കയിൽ കൂടല്ലൂരുകാർ

ആനക്കര: നൂറ്റാണ്ടുകണ്ട മഹാപ്രളയത്തിലും പാഠംപഠിക്കാതെ ആനക്കര പഞ്ചായത്ത് അധികൃതർ. ഒരു മഴക്കാലത്തിനുകൂടി തുടക്കമാകുമ്പോൾ അതിന്റെ ആദ്യനാളുകളിൽ തന്നെ കൂടല്ലൂർ നിവാസികൾ ആശങ്കയിലാണ്. വേനലിൽ മെലിഞ്ഞ നിള മഴക്കാലത്ത് കരകവിയുമോയെന്നാണ് പേടി.

2018ലെ പ്രളയത്തിൽ പുഴയോര നിവാസികൾക്ക് നഷ്ടമായത് ഒരായുസിന്റെ സമ്പാദ്യമായിരുന്നു. നിരവധിയാളുകളെ ഇവിടെ നിന്ന് മാറ്റിപ്പാർപ്പിക്കേണ്ടിവന്നിരുന്നു. രണ്ടുവർഷം തികയുമ്പോൾ വീട് നഷ്ടമായ പലർക്കും പുനരധിവാസം ഉറപ്പാക്കാൻ പോലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കഴിഞ്ഞിട്ടില്ല.

നിളയൊഴുകുന്ന കൂടല്ലൂർ ഭാഗത്തുനിന്നാണ് കഴിഞ്ഞതവണ പുഴ കരകവിഞ്ഞത്. എന്നാൽ, ഇവിടെയുള്ള മണൽ തിട്ടക്കൾ നീക്കം ചെയ്യാനോ പാർശ്വഭിത്തി നിർമ്മിക്കാനോ പഞ്ചായത്ത് ഉൾപ്പെടെയുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഇതുവരെ തയ്യാറായിട്ടില്ല. മഴ ശക്തമായി ഡാം തുറന്നാൽ ഏതുനിമിഷവും പുഴ കരകവിഞ്ഞൊഴുകുമെന്ന് നാട്ടുകാർ പറയുന്നു. കൂടല്ലൂരിൽ പാർശ്വഭിത്തി നിർമ്മാണവും മണൽ തിട്ടകൾ നീക്കംചെയ്ത് സുരക്ഷിതത്വം ഉറപ്പുവരുത്തുമെന്നും ജനപ്രതിനിധികൾ ഉറപ്പ് നൽകിയിരുനെങ്കിലും ഇപ്പോഴും ഇവിടെത്തെ അവസ്ഥയ്ക്ക് മാറ്രമൊന്നുമില്ല. പ്രദേശത്തെ ജനങ്ങൾ ഈ ആശങ്ക കഴിഞ്ഞദിവസം ബന്ധപ്പെട്ട വകുപ്പ് അധികൃതരെയും ജനപ്രതിനിധികളെയും അറിയിച്ചിരുന്നു. നടപടിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നിരവധി കുടുംബങ്ങൾ.