ആലത്തൂർ: വളയിട്ട കൈകളുടെ കരുത്തിൽ ജലസ്രോതസുകൾക്ക് പുനർജന്മം. കാവശ്ശേരി പഞ്ചായത്ത് ഹരിത കേരളം മിഷനിലൂടെ തൊഴിലുറപ്പുപദ്ധതിയുമായി സഹകരിച്ചാണ് തെന്നിലാപുരം പതിനാറാം വാർഡ് ചീനിക്കോട്ടിൽ വനിതകൾ കുളംനിർമിക്കുന്നത്.
27 തൊഴിലാളികളുടെ അധ്വാനത്തിലാണ് ഘട്ടംഘട്ടമായി കുളം പൂർത്തിയാക്കിയത്. 544 തൊഴിൽ ദിനങ്ങളാണ് കുളം നിർമാണത്തിന് വേണ്ടിവന്നതെന്ന് എ.ഡി.എസ് കെ.നളിനി പറഞ്ഞു.
19 മീറ്റർ നീളവും 14.5 മീറ്റർ വീതിയും 3.5 മീറ്റർ ആഴവുമുണ്ട് കുളത്തിന്. കഴിഞ്ഞ വർഷം 10,805 തൊഴിൽ ദിനങ്ങൾ കുളങ്ങൾ കുഴിക്കാനും നവീകരിക്കാനും തൊഴിലുറപ്പ് തൊഴിലിൽ മാറ്റി വെച്ചു. ചളിയും ചണ്ടിയും അടിഞ്ഞുകൂടി ഉപയോഗശൂന്യമായി കിടന്നിരുന്ന വിവിധ വാർഡുകളിലെ പത്ത് കുളങ്ങളാണ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ വൃത്തിയാക്കുന്നത്. ചീനിക്കോട് കുളം 700 , തെങ്ങിൻ കുളം 700 , കിഴക്കേഗ്രാമ കുളം 736 , വാണിയം തറ ചെട്ടിയാർകുളം 1200 , കല്ലംപറമ്പ് കുളം 1200, കണ്ടൻകുളം 1350 ,മാധുവെട്ടിക്കുളം 1000 , വെട്ടുകുളം 800 , ചീകോട് കുളം 1200 ,കഴനി കുളം 1919 എന്നിങ്ങനെയാണ് കുളങ്ങൾ വൃത്തിയാക്കുന്നതിന് തൊഴിൽ ദിനങ്ങൾ നൽകിയിരിക്കുന്നത്.
ഭാവിയിൽ ജലക്ഷാമത്തിന് കരുതലാവാൻ ഈ കുളങ്ങൾക്ക് കഴിയുമെന്നാണ് കരുതുന്നത്. കടുത്ത വരൾച്ചയിൽ കുടിവെള്ള ക്ഷാമം നേരിടുന്ന പഞ്ചായത്തിൽ 'നാടിനൊരു കിണർ' പദ്ധതിയും നടപ്പാക്കിയിട്ടുണ്ട്. കുളങ്ങളുടെ ഒന്നാം ഘട്ടം പൂർത്തിയാവുമ്പോൾ മറ്റ് കുളങ്ങളും ഏറ്റെടുത്ത് നവീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുമെന്ന് പഞ്ചായത്തധികൃതർ വ്യക്തമാക്കുന്നു. കുളങ്ങളിലെ ചണ്ടിയും ചളിയും വാരിക്കഴിഞ്ഞശേഷം തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ പ്ലാസ്റ്റിക് ചാക്കുകളിൽ മണ്ണ് നിറച്ച് അരിക് സംരക്ഷിക്കുന്ന പ്രവർത്തനമാണ് ഇപ്പോൾ നടക്കുന്നത്. കുടിവെള്ളത്തിനും കൃഷിക്കും ഉപകാരപ്രദമാവുന്ന രീതിയിലാണ് കുളങ്ങളുടെ പുനരുദ്ധാരണം നടക്കുന്നത്.