ഇന്ന് ജില്ലയിലെ പലയിടത്തും ഒറ്റപ്പെട്ട മഴയ്ക്ക് സാദ്ധ്യത
പാലക്കാട്: കാലവർഷം ആരംഭിച്ച് ഒരാഴ്ചയാകുമ്പോഴും ജില്ലയിൽ മഴ ശക്തി പ്രാപിച്ചിട്ടില്ലെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ശനി, ഞായർ ദിവസങ്ങളിലാണ് ജില്ലയിൽ പലയിടത്തും ഒറ്റപ്പെട്ട മഴ ലഭിച്ചത്. രാവിലെ പലയിടത്തും ആകാശം കറുത്തിരുണ്ട് വരുമെങ്കിലും മഴ കാറ്റുകൊണ്ടുപോകും. ചിലയിടത്ത് അല്പം ചാറ്റൽ മഴയും കിട്ടും. ശനിയാഴ്ച രാവിലെ മുതൽ ഇന്നലെ രാവിലെ എട്ടുവരെ 24 മണിക്കൂറിൽ മാത്രം ജില്ലയിൽ 7.1 മില്ലീമീറ്റർ മഴ ലഭിച്ചു. മുണ്ടൂർ ഐ.ആർ.ടി.സിയിലാണ് ഇത് രേഖപ്പെടുത്തിയത്. പട്ടാമ്പി, വടക്കഞ്ചേരി, ആലത്തൂർ എന്നീ മേഖലകളിലും കഴിഞ്ഞദിവസം ഒറ്റപ്പെട്ട മഴ ലഭിച്ചിരുന്നു.
ജൂൺ ഒന്നുമുതൽ ഏഴുവരെ സംസ്ഥാനത്താകെ 60 ശതമാനം അധിക മഴ ലഭിച്ചുവെന്ന് പറയുമ്പോൾ പാലക്കാട് ലഭിക്കേണ്ട മഴയിൽ നേരിയ കുറവുണ്ട്. 67.7 ശമാനം മഴയാണ് ഈ കാലയളവിൽ ജില്ലയ്ക്ക് ലഭിക്കേണ്ടത്. കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ, ആലപ്പുഴ ജില്ലകളിലാണ് ഈ കാലയളവിൽ കൂടുതൽ മഴയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇടുക്കിയിലാണ് ഏറ്റവും കുറവ്, 122.7 എം.എം മഴ ലഭിക്കേണ്ടിടത്ത് 98.3 എം.എം മഴയാണ് ഇവിടെ ലഭിച്ചത്.
മാർച്ച് ഒന്നുമുതൽ മെയ് 31 വരെയുള്ള വേനൽമഴയുടെ കണക്കിൽ ഇത്തവണ 28 ശതമാനം കുറവ് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ വർഷം തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ 39 ശതമാനവും വടക്കുകിഴക്കൻ കാലവർഷം 22 ശതമാനവും കൂടുതൽ ലഭിച്ചതിനാൽ ജില്ലയിലെ അണക്കെട്ടുകളിൽ ഇപ്പോഴും ആവശ്യത്തിന് വെള്ളമുണ്ട്.
കാലവർഷത്തിന്റെ കണക്ക്
ജില്ല , ലഭിച്ച മഴ (എം.എം)
തിരുവനന്തപുരം 243.7
കൊല്ലം 131
പത്തനംതിട്ട 153.5
ആലപ്പുഴ 201.9
കോട്ടയം 159.1
ഇടുക്കി 98.3
എറണാകുളം 113.6
തൃശൂർ 128.8
പാലക്കാട് 82
മലപ്പുറം 145.4
കോഴിക്കോട് 414.8
വയനാട് 111.1
കണ്ണൂർ 312.6
കാസർക്കോട് 253.5