ആലത്തൂർ: പോക്‌സോ കേസിൽ അറസ്റ്റിലായി ആലത്തൂർ സബ് ജയിലിൽ കഴിഞ്ഞ മുണ്ടൂർ സ്വദേശിയായ റിമാൻഡ് പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സബ് ജയിലിലെ 22 തടവുകാരും 15 ജീവനക്കാരും ക്വാറന്റൈനിൽ.
ജയിലുകളിലെ കൊവിഡ് കെയർ സെന്ററായി പ്രവർത്തിക്കുന്ന ആലത്തൂർ സബ് ജയിലിൽ നിന്ന് ഇയാളെ ശനിയാഴ്ച രാത്രി ഒമ്പതോടെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സബ് ജയിലിൽ കഴിയുന്ന 12 പേരുടെ സ്രവം നേരത്തേ പരിശോധനയ്ക്കെടുത്തിരുന്നു. ഇതിൽ ഫലം വന്ന നാലെണ്ണത്തിൽ ഇയാളുടേത് പോസിറ്റീവും മറ്റുള്ളവ നെഗറ്റീവുമാണ്.
പോക്‌സോ കേസിൽ കോങ്ങാട് പൊലീസാണ് ഇയാളെ അറസ്റ്റുചെയ്തത്. തുടർന്ന് കോങ്ങാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പരിശോധിച്ച് ആലത്തൂരിലേക്ക് മാറ്റുകയായിരുന്നു. ഒമ്പത് മുറികള്ളിൽ 16 പേരെയും ആറ് പേർ അടുക്കളയിലുമായാണ് കഴിയുന്നത്. ജയിൽ സൂപ്രണ്ട്,നാല് അസി. പ്രിസൺ ഓഫീസർമാർ, നാല് ഡെപ്യൂട്ടി പ്രിസൺ ഓഫീസർമാർ എന്നിവരെ ജയിലിൽ തന്നെ ക്വാറന്റൈനിൽ കഴിയാൻ ആരോഗ്യവകുപ്പ് അധികൃതർ നിർദ്ദേശിക്കുകയായിരുന്നു. സൂപ്രണ്ട് ഓഫീസ്, ഗാർഡ് റൂം, റെസ്റ്റ് റൂം എന്നിവിടങ്ങളിലായാണ് ജീവനക്കാർ ക്വാറന്റീനിൽ കഴിയുന്നത്.
വീടുകളിലേക്ക് മടങ്ങിയ നാല് അസി. പ്രിസൺ ഓഫീസർമാർ, രണ്ട് ഡെപ്യൂട്ടി പ്രിസൺ ഓഫീസർമാർ എന്നിവരും അവരുടെ കുടുംബങ്ങളും വീടുകളിൽ
നിരീക്ഷണത്തിൽ കഴിയാനും നിർദ്ദേശിച്ചിട്ടുണ്ട്. കൊവിഡ് സ്ഥിരീകരിച്ച പ്രതിയെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോൾ എസ്‌കോർട്ട് പോയ രണ്ട് ജീവനക്കാരും ജയിലിൽ പ്രത്യേക നിരീക്ഷണത്തിലാണ്.