toddy
toddy

ചിറ്റൂർ: ലോക്ക് ഡൗൺ ഇളവുകളെ തുടർന്ന് ഷാപ്പുകൾ തുറന്ന് ആഴ്ചകൾ പിന്നിടുമ്പോൾ ജില്ലയിലെ കള്ളുചെത്തും സജീവമായി. കൊവിഡ് ഭീതിയെതുടർന്ന് നാട്ടിലേക്ക് പോയ തൊഴിലാളികൾ തിരിച്ചെത്തിയതോടെ ചിറ്റൂരിലെ തെങ്ങിൻ തോപ്പുകളിൽ കള്ളുചെത്ത് ഒരിടവേളക്ക് ശേഷം സജീവമായിരിക്കുകയാണ്. പക്ഷേ, തൊഴിലാളികൾ ആരോഗ്യ വകുപ്പിന്റെ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.
തൊഴിലാളികൾക്ക് കൊവിഡ് മുൻകരുതലുകളെ കുറിച്ചും പ്രതിരോധ നടപടിക്രമങ്ങളെ കുറിച്ചും യാതൊരു ബോധവത്കരണവും ലഭിച്ചിട്ടില്ല. പല ചെത്ത് തോപ്പുകളിലെയും ഷെഡുകൾ വൃത്തിഹീനമാണ്. കള്ള് ഇറക്കുന്ന കുടങ്ങൾ യഥാസമയം കഴുകാറില്ല, ചെത്താൻ ഉപയോഗിക്കുന്ന കത്തിയും മറ്റ് ചെത്ത് ഉപകരണങ്ങളും ശുചീകരിക്കുന്നില്ലെന്നും ആരോപണമുണ്ട്. കൂടാതെ ചെത്ത് തൊഴിലാളികൾ മുഖാവരണമോ കൈയ്യുറകളോ ഉപയോഗിക്കുന്നില്ല. പഴയ രീതിയിൽ തന്നെയാണ് ഇവർ ഇപ്പോഴും ജോലിചെയ്യുന്നത്. കൊവിഡ് മുൻകരുതലുകളെ കുറിച്ച് ആരോഗ്യവകുപ്പോ എക്‌സൈസോ പൊലീസോ ഇവർക്ക് നിർദ്ദേശങ്ങൾ നൽകിയിട്ടില്ലെന്ന് തൊഴിലാളികൾ തന്നെ പറയുന്നു.

ചിറ്റൂർ മേഖലയിലെ തോപ്പുകളിൽ നിലവിൽ കള്ളുചെത്തുന്നത് ഭൂരിഭാഗം ആളുകളും തമിഴ്നാട്ടിൽ നിന്നുള്ളവരാണ്. തമിഴ്നാട്ടിൽ ദിനംപ്രതി കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇവരെയും അടിയന്തരമായി പരിശോധനയ്ക്ക് വിധേയരാക്കണമെന്നാണ് അതിർത്തി പ്രദേശത്തുള്ളവർ ആവശ്യപ്പെടുന്നത്. കൂടാതെ കള്ളു കയറ്റി അയൽ ജില്ലകളിലേക്ക് പോകുന്ന ഡ്രൈവർമാരെയും നിരീക്ഷണത്തിലാക്കണമെന്നും ആവശ്യമുയരുന്നുണ്ട്.