മണ്ണാർക്കാട്: ഇളവുകളെ തുടർന്ന് പള്ളികൾ തുറന്നാലും ജുമുഅ നമസ്‌കാരമുണ്ടാകില്ലെന്ന് സംയുക്ത മഹല്ല് കമ്മറ്റി. പുറത്ത് നിന്നും കൂടുതൽ പേരെത്തുന്ന ആശുപത്രിപ്പടി ഹനഫി മസ്ജിദ് പൂർണമായും അടച്ചിടുമെന്നും ഭാരവാഹികൾ അറിയിച്ചു.
മണ്ണാർക്കാട് നഗരത്തിലെ 4 മഹല്ലുകളായ മണ്ണാർക്കാട് വലിയ ജുമാ മസ്ജിദ്, കോടതിപ്പടി ജുമാ മസ്ജിദ്, ടൗൺ ഹനഫി ജുമാ മസ്ജിദ്, നെല്ലിപ്പുഴ ജുമാ മസ്ജിദ് എന്നിവയിലെ ഖാസിമാരുടെയും മഹല്ല് കമ്മിറ്റി അംഗങ്ങളുടെയും യോഗം മണ്ണാർക്കാട് വലിയ ജുമാ മസ്ജിദ് ഇമാം ഉസ്മാൻ ഫൈസിയുടെ അധ്യക്ഷതയിൽ മണ്ണാർക്കാട് വലിയ ജുമാ മസ്ജിദിൽ ചേർന്നു. കൊറോണയുടെ പശ്ചാത്തലത്തിൽ പള്ളികളിൽ ജുമുഅ നിർത്തലാക്കിയ സാഹചര്യത്തേക്കാൾ രോഗവ്യാപനവും മരണസംഖ്യ വർദ്ധനവുമുള്ള ആശങ്കാജനകമായ സാഹചര്യമാണ് ഇപ്പോൾ ഉള്ളതെന്ന് യോഗം വിലയിരുത്തി. നെല്ലിപ്പുഴ മഹല്ല് ഖാസി മുഹമ്മദ് റഫീക്ക് അൻവ്വരി, പ്രസിഡന്റ് കോയാമു, സെക്രട്ടറി സലീം, ടൗൺ ഹനഫി ജുമാ മസ്ജിദ് പ്രസിഡന്റ് ടി.ജബ്ബാർ, ജനറൽ സെക്രട്ടറി അബ്ദുൾ ഹായ്, സെക്രട്ടറി മുഹമ്മദ് ബഷീർ കോടതിപ്പടി മഹല്ല് ഖാസി മുഹമ്മദാലി അൻവരി, പ്രസിഡന്റ് സി.കെ നാസർ, സെക്രട്ടറി ബഷീർ കക്കോടി തുടങ്ങിയവർ പങ്കെടുത്തു. നാളെ മുഴുവൻ പള്ളികളും അണുവിമുക്തമാക്കുമെന്നും അറിയിച്ചു.
ഭക്തജനങ്ങൾക്ക് പ്രവേശനമുണ്ടാകില്ലെന്ന്
മണ്ണാർക്കാട്: കൊവിഡ് 19 ന്റെ ജാഗ്രത കൂടുതൽ ശക്തിപ്പെടുത്തേണ്ട സാഹചര്യമായതിനാൽ അരകുർശ്ശി ഉദയർകുന്ന് ഭഗവതി ക്ഷേത്രത്തിൽ തുടർന്നും ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഭക്തജനങ്ങൾക്ക് പ്രവേശനമുണ്ടാകില്ലെന്ന് ക്ഷേത്രം മാനേജിംഗ് ട്രസ്റ്റി കെ.എം.ബാലചന്ദ്രനുണ്ണി, പ്രസിഡന്റ് കെ.സി.സച്ചിദാനന്ദൻ, സെക്രട്ടറി എം.പുരുഷോത്തമൻ എന്നിവർ അറിയിച്ചു.