first-bell
first bell

 ജില്ലയിലെ ആകെ തമിഴ് മീഡിയം വിദ്യാർത്ഥികൾ 5171

പാലക്കാട്: 'ഫസ്റ്റ് ബെൽ' വിജയകരമായി ആദ്യ ആഴ്ച പിന്നിടുമ്പോഴും സംസ്ഥാനത്തെ ഭാഷാന്യൂനപക്ഷങ്ങൾ ഇപ്പോഴും പദ്ധതിക്ക് പുറത്തുതന്നെ. കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെയുള്ള ഓൺലൈൻ ക്ലാസുകളുടെ പുനഃസംപ്രേഷണം ആരംഭിച്ചിട്ടും ജില്ലയിലെ തമിഴ് വിദ്യാർത്ഥികൾക്ക് ഇതുവരെയായി ഒരു ക്ലാസുപോലും ലഭിച്ചിട്ടില്ല.

ജൂൺ ഒന്നിന് സംപ്രേഷണം ചെയ്ത ക്ലാസുകളാണ് ഇന്നലെ മുതൽ പുനസംപ്രേഷണം തുടങ്ങിയത്. ആദ്യദിവസങ്ങളിൽ അസൗകര്യം കാരണം ക്ലാസുകളിൽ പങ്കെടുക്കാൻ കഴിയാത്തവർക്കായാണ് പുനസംപ്രേഷണം.

ഒന്നു മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകളിലായി ജില്ലയിൽ ആകെ 5171 വിദ്യാർത്ഥികളാണ് തമിഴ് മീഡിയത്തിലുള്ളത്. ഇതിൽ പാലക്കാട്, മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലകളിലാണ് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്നത്. അട്ടപ്പാടി, കൊല്ലങ്കോട്, ചെമ്മണാംപതി മേഖലകളിലെ ആദിവാസി, പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ട നല്ലൊരുഭാഗം വിദ്യാർത്ഥികളും തമിഴ് മീഡിയത്തിലാണ് പഠിക്കുന്നത്. അട്ടപ്പാടിയിൽ 12 സ്കൂളുകളിലായി 509 വിദ്യാർത്ഥികളാണ് തമിഴ് മീഡിയത്തിലുള്ളത്. ഇവർ പഠിക്കുന്ന സ്‌കൂളുകളിലെല്ലാം മലയാളം മീഡിയം വിദ്യാർത്ഥികൾക്ക് ക്ലാസുകൾ ആരംഭിച്ച് ഒരാഴ്ച പിന്നിട്ടു. ഇതോടെ മറ്റ് വിദ്യാർത്ഥികളും രക്ഷിതാക്കളും വലിയ ആശങ്കയിലാണ്. ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്ക് ക്ലാസ് നഷ്ടമാകുന്നതിലാണ് കൂടുതൽ ആശങ്ക.

ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ഉടൻ ക്ലാസ് ആരംഭിക്കും

എട്ടു മുതൽ പത്തു വരെയുള്ള വിദ്യാർത്ഥികൾക്കായുള്ള ക്ലാസുകൾ കൈറ്റിന്റെ നേതൃത്വത്തിൽ പൂർത്തിയായിട്ടുണ്ട്. വൈകാതെ ക്ലാസ് ആരംഭിക്കും. ഈ ക്ലാസുകളിലായി ആകെ 1376 വിദ്യാർത്ഥികളാണ് ഉള്ളത്. യുട്യൂബ് വഴിയാണ് ക്ലാസ് ലഭ്യമാക്കുക. തമിഴ് അദ്ധ്യാപകർ തന്നെയായിരിക്കും ക്ലാസെടുക്കുക. ക്ലാസിൽ പങ്കെടുക്കാൻ പരിമിതികൾ ഉള്ളവർക്ക് പ്രത്യേക സൗകര്യം ഒരുക്കും. എൽ.പി, യു.പി, ഹയർ സെക്കൻഡറി വിഭാഗങ്ങൾക്കുള്ള ക്ലാസുകളുടെ മുന്നൊരുക്കങ്ങളും പുരോഗമിക്കുകയാണ്.

പി.കൃഷ്ണൻ, ഡി.ഡി.ഇ, പാലക്കാട്