temple
നീണ്ട നാളുകൾക്ക് ശേഷം ക​ല്ലേ​ക്കു​ള​ങ്ങ​ര​ ​എ​മൂ​ർ​ ​ഭ​ഗ​വ​തി​ ​ക്ഷേ​ത്രം തുറക്കുന്നതിന്റെ ഭാഗമായി ഇന്നലെ ക്ഷേത്രകമ്മിറ്റി ഭാരവാഹികളുടെ നേതൃത്വത്തിൽ നടന്ന ശുചീകരണം

പാലക്കാട്: അഞ്ചാംഘട്ട ഇളവുകളെ തുടർന്ന് ജില്ലയിലെ പ്രധാന ക്ഷേത്രങ്ങളെല്ലാം ഇന്ന് തുറക്കും. ഇതിന്റെ ഭാഗമായി നഗരത്തിൽ ഉൾപ്പെടെ വിവിധ ക്ഷേത്രങ്ങളിൽ ഇന്നലെ ക്ഷേത്രകമ്മിറ്റികളുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു.

സർക്കാരിന്റെ കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചായിരിക്കും ക്ഷേത്രങ്ങൾ തുറക്കുക. എന്നാൽ കണ്ടെയ്ൻമെന്റ് മേഖലകളിലുള്ള അമ്പലങ്ങൾ തുറക്കില്ല. മലബാർ ദേവസ്വം ബോർഡിന് കീഴിൽ ജില്ലയിൽ പട്ടാമ്പി താലൂക്ക് ഒഴികെ 349 ക്ഷേത്രങ്ങളാണ് ഉള്ളത്. ഇതിലെ പ്രധാന ക്ഷേത്രങ്ങളായ മണപ്പുള്ളിക്കാവ്, വടക്കന്തറ തിരുപുരായ്ക്കൽ ഭഗവതി ക്ഷേത്രം, കല്ലേക്കുളങ്ങര എമൂർ ഭഗവതി ക്ഷേത്രം, പെരുങ്ങോട്ടുക്കാവ്, പരയ്ക്കാട്ടുകാവ്, മാങ്ങോട്ടുക്കാവ്, ചിനക്കത്തൂർ ഭഗവതി ക്ഷേത്രം, പരിയാനമ്പറ്റ, പുത്തനാൽക്കൽ ക്ഷേത്രങ്ങളെല്ലാം ഇന്ന് തുറക്കുമെന്ന് ബന്ധപ്പെട്ട അധികൃതർ പറഞ്ഞു.

 ക്രമീകരണങ്ങൾ ഇങ്ങനെ

1. ക്ഷേത്രങ്ങളുടെ അകത്തേക്ക് പ്രവേശിക്കാനും പുറത്തിറങ്ങാനും ഓരോ വഴികളുണ്ടാകും
2. കവാടത്തിന് സമീപം സോപ്പ്, വെള്ളം തുടങ്ങിയ സൗകര്യങ്ങളൊരുക്കും
3. ക്ഷേത്രത്തിൽ എത്തുന്നവരുടെ പേര്, ഫോൺനമ്പർ എന്നിവ സൂക്ഷിക്കും
4. പ്രതിഷ്ഠകളിൽ തൊടാൻ അനുവദിക്കില്ല
5. അന്നദാനം, ചോറൂണ് എന്നിവ ഒഴുവാക്കും
6. സാമൂഹ്യ അകലംപാലിച്ച് ഒരു സമയം 15 പേർക്ക് ദർശനം
7. മാസ്‌ക് നിർബന്ധമായി ധരിക്കണം
8. അസുഖമുള്ളവർ, 65 വയസിന് മുകളിലുള്ളവർ, പത്തിന് താഴെയുള്ളവർക്കും പ്രവേശനമില്ല

 ദർശനം മാത്രം

ദർശനം മാത്രമാണ് നിലവിൽ ഉണ്ടാകുക. നൈവേദ്യവും അർച്ചനാ ദ്രവ്യങ്ങളും തത്കാലം വിതരണം ചെയ്യില്ല. ജില്ലയിലെ മറ്റ് ചെറിയ ക്ഷേത്രങ്ങളെല്ലാം അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്ന മുറയ്ക്ക് തുറക്കും.

കെ.സതീഷ്, ജില്ലാ അസിസ്റ്റ് കമ്മിഷണർ, മലബാർ ദേവസ്വം ബോർഡ്

 നഗരത്തിലെ പള്ളികളും തുറക്കില്ല

നഗരപരിധിയിലുള്ള വിവിധ വിഭാഗത്തിൽപ്പെട്ട ഭൂരിഭാഗം പള്ളികളും ക്രിസ്ത്യൻ ദേവാലയങ്ങളും ഒരു അറിയിപ്പുണ്ടാകും വരെ തുറക്കില്ല. പരമാവധി 100 ആളുകളേ പാടുള്ളൂ എന്നാണ് സർക്കാർ നിർദ്ദേശമെങ്കിലും അതിൽകൂടുതൽ ആളുകൾ പള്ളികളിലും മറ്റും വരാനുള്ള സാധ്യത കണക്കിലെടുത്താണ് വിവിധ മഹല്ല് കമ്മിറ്റികൾ തീരുമാനമെടുത്തത്. നഗരപരിധിയിൽ മാത്രം 15 ഓളം മുസ്ലീം പള്ളികളും 20 ഓളം ക്രിസ്ത്യൻ ദേവാലയങ്ങളുമാണ് ഉള്ളത്.