ചിറ്റൂർ: തമിഴ്‌നാട് അതിർത്തിയോട് ചേർന്നുള്ള എരുത്തേമ്പതി നടുപ്പുണിയിലെ അണ്ണൈ ചെട്ടിയാർ തടയണയോട് അനുബന്ധിച്ചുള്ള കനാലുകളുടെ പുനരുദ്ധാരണ പ്രവർത്തികൾ പുരോഗമിക്കുന്നു. പ്രവർത്തികളുടെ പുരോഗതി ഇന്നലെ മന്ത്രി കെ.കൃഷ്ണൻകുട്ടി നേരിട്ടെത്തി വിലയിരുത്തി.
100 വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച തടയണയണയിൽ ഇപ്പോഴും വെള്ളം നിറഞ്ഞുനിൽക്കുന്നുണ്ട്. സുർക്കകൊണ്ട് നിർമ്മിച്ച തടയണയിൽ ഒരുചോർച്ച പോലും കാണാൻ കഴിയില്ല. കനാൽ പൊട്ടിപ്പൊളിഞ്ഞ് മണ്ണ് മൂടി കിടന്നതിനാൽ 50 വർഷത്തോളമായി കനാലിലൂടെയുള്ള ജലസേചനം കാര്യക്ഷമമായി നടന്നിട്ട്. തടയണയിൽ നിന്നും കനാലിലേക്കുള്ള ഷട്ടർ അടച്ച നിലയിലാണിപ്പോൾ.
13 കിലോ മീറ്റർ ദൈർഘ്യമുള്ള കനാൽ പുനരുദ്ധാരണം പൂർത്തിയാകുന്നതോടെ ഷട്ടർ തുറക്കും. ഇതോടെ എരുത്തേമ്പതി, കൊഴിഞ്ഞാമ്പാറ പഞ്ചായത്തുകളിലുള്ള 3000ൽപ്പരം ഏക്കർ കൃഷിക്ക് ജലസേചനം നടത്താൻ കഴിയും. പ്രത്യേകിച്ച് 152 ഏക്കർ വിസ്തൃതൃതിയുള്ള എരുത്തേമ്പതി വിത്തുല്പാദന കേന്ദ്രത്തിലെ ജലക്ഷാമത്തിന് പരിഹാരമാകും.
12 ലക്ഷം രൂപ ചെലവിലാണ് കനാൽ പുനരുദ്ധാരണം നടക്കുന്നത്. നാലു ദിവസം മുമ്പ് ആരംഭിച്ച പ്രവർത്തി രണ്ടാഴ്ചയ്ക്കകം പൂർത്തിയാകുമെന്ന് ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ മന്ത്രിയെ അറിയിച്ചു. ഉദ്യാഗസ്ഥരുടെ ആത്മാർത്ഥമായ പ്രവർത്തനത്തെ അഭിനന്ദിക്കാനും മന്ത്രി മറന്നില്ല.
ജില്ല പഞ്ചായത്തു മെമ്പർ അഡ്വ: വി.മുരുകദാസ്, പി.ബാലചന്ദ്രൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ പൊന്നുരാജ്, കുളന്തൈതെരേസ, ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
ഫോട്ടോ: നടുപ്പുണി അണ്ണൈ ചെട്ടിയാർ തടയണ മന്ത്രി കെ.കൃഷ്ണൻകുട്ടി സന്ദർശിക്കുന്നു