അഗളി: കൂടുതൽ ഇളവുകൾ പ്രാബല്യത്തിൽ വന്നതോടെ അട്ടപ്പാടിയിലും കൊറോണ പ്രതിരോധ സംവിധാനങ്ങളുടെ താളംതെറ്റുന്നു. മുഖാവരണം ധരിക്കാതെയാണ് സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ നിരത്തുകളിൽ ഇറങ്ങി നടക്കുന്നത്. സർക്കാർ ഓഫീസുകളിൽ പോലും ആരും നിർദ്ദേശങ്ങൾ പാലിക്കുന്നില്ല. സാമൂഹ്യ അകലവും കൈകഴുകലും പൂർണമായും നിന്നും.
ബാങ്കുകളുടെ പ്രവർത്തനമാണ് ഏറെ ആശങ്കയുണ്ടാക്കുന്നത്. ബാങ്കിനുള്ളിൽ ആളുകളുടെ ഇടിച്ചുകയറ്റമാണ്. തിരക്ക് നിയന്ത്രിക്കാൻ ബാങ്ക് അധികൃതർ ശ്രമിക്കുന്നുണ്ടെങ്കിലും യാതൊന്നും ഫലംകാണുന്നില്ല. ബാങ്കിന് പുറത്തും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇതിനിടയിൽ തമിഴ്‌നാട്ടിൽ നിന്നും തൂവ പോലുള്ള ഊടുവഴികളിലൂടെ നിരവധിയാളുകൾ യാതൊരു പരിശോധനയും കൂടാതെ അട്ടപ്പാടിയിലേക്ക് എത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമായി പാലിച്ചില്ലെങ്കിൽ വലിയ തിരിച്ചടിയുണ്ടാകുമെന്ന് ആദിവാസി പ്രവർത്തകർ പറയുന്നു.
ചിത്രം: അഗളി സ്റ്റേറ്റ് ബാങ്കിനു മുന്നിലെ ആൾക്കൂട്ടം
ക്വാറന്റൈൻ ലംഘിച്ച യുവാവിനെ ഐസൊലേഷനിലാക്കി
കോങ്ങാട്: തമിഴ്‌നാട്ടിൽ നിന്നെത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിയവേ ക്വാറന്റൈൻ ലംഘിച്ച് പുറത്തിറങ്ങി നടന്ന യുവാവിനെ ആരോഗ്യപ്രവർത്തകരും പൊലിസും ചേർന്ന് പിടികൂടി ജില്ലാ ആശുപത്രിയിലെ ഐസോലേഷനിലാക്കി. ഈ മാസം രണ്ടിന് നാട്ടിലെത്തിയ കോങ്ങാട് കൊട്ടശ്ശേരി സ്വദേശിയാണ് നിർദ്ദേശങ്ങൾ ലംഘിച്ചു ടൗണിൽ ഇറങ്ങിനടന്നത്. ടൗണിലെ മൊബൈൽ കടയിലും എത്തിയതിനെ തുടർന്ന് കടയും പരിസരവും അരോഗ്യ വകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ അണുവിമുക്തമാക്കി. യുവാവിനെതിരെ പൊലീസ് കേസെടുത്തു.