covid
covid

പാലക്കാട്: ജില്ലയിൽ ഇന്നലെ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ഒരുമാസത്തിനിടെ പ്രതിദിന കണക്കിൽ ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ഇന്നലെയാണ്. ഇതുകൂടാതെ രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന രണ്ടുപേർ ഇന്നലെ രോഗമുക്തരായതും ജില്ലയ്ക്ക് ആശ്വാസ വാർത്തയാണ്.

മെയ് 29ന് ചെന്നൈയിൽ നിന്നുവന്ന കോങ്ങാട് പാറശ്ശേരി സ്വദേശിക്കാണ് (57 - പുരുഷൻ) ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹം ചെന്നൈയിൽ ചായക്കട നടത്തുന്നയാളാണ്. ചികിത്സയിലുണ്ടായിരുന്ന വെള്ളിനേഴി സ്വദേശി (11- പെൺകുട്ടി,) പുതുനഗരം സ്വദേശി (47-പുരുഷൻ) എന്നിവരുടെ പരിശോധനാ ഫലമാണ് തുടർച്ചയായി രണ്ട് തവണ നെഗറ്റീവായത്.

ഇതോടെ ജില്ലയിൽ നിലവിൽ ചികിത്സയിൽ ഉള്ളവരുടെ എണ്ണം 158 ആയി കുറഞ്ഞു. ഇതിനു പുറമെ ജൂൺ ആറിന് രോഗം സ്ഥിരീകരിച്ച പട്ടാമ്പി, മുളയങ്കാവ് സ്വദേശികൾ മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഉണ്ട്.

 ജില്ലയിൽ 158 പേർ ചികിത്സയിൽ

നിലവിൽ 158 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. കൂടാതെ ജില്ലയിലെ വിവിധ ആശുപത്രികളിലായി 48 പേർ നിരീക്ഷണത്തിലുമുണ്ട്.

 പരിശോധനയ്ക്കായി ഇതുവരെ 11124 സാമ്പിളുകൾ അയച്ചതിൽ 225 പേർക്കാണ് പോസിറ്റീവായത്. ഇതിൽ 65 പേർ രോഗമുക്തരായി ആശുപത്രി വിട്ടു.

 സെന്റിനെന്റൽ സർവൈലൻസ് പ്രകാരം ഇതുവരെ 1574 സാമ്പിളുകളും ഓഗ്മെന്റഡ് സർവൈലൻസ് പ്രകാരം ഇതുവരെ 195 സാമ്പിളുകളാണ് പരിശോധിച്ചത്.

 26 പ്രവാസികൾ മടങ്ങിയെത്തി
ദോഹ, കസാക്കിസ്ഥാൻ, ഹോച്ചിമിൻ, റിയാദ്, മസ്‌ക്കറ്റ് എന്നിവിടങ്ങളിൽ നിന്നും നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി കഴിഞ്ഞദിവസം രാത്രിയോടെ ജില്ലയിലെത്തിയത് 26 പാലക്കാട് സ്വദേശികൾ. ഇവരിൽ 4 പേർ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈനിൽ പ്രവേശിച്ചു.

ദോഹയിൽ നിന്നും നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ 10 പാലക്കാട് സ്വദേശികളിൽ രണ്ടുപേർ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈനിൽ പ്രവേശിച്ചു. എട്ടുപേർ വീടുകളിൽ നിരീക്ഷണത്തിലാണ്. കസാക്കിസ്ഥാനിൽ നിന്നും നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ 2 പേരെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈനിൽ പ്രവേശിച്ചു.

മസ്‌ക്കറ്റിൽ നിന്നും എത്തിയ എട്ട് പേർ, റിയാദിൽ നിന്നും വന്ന 5 പേർ ഹോചിമിനിൽ നിന്നും നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ പാലക്കാട് സ്വദേശിയായ ഒരാൾ എന്നിവർ വീട്ടിൽ നിരീക്ഷണത്തിലാണ്.

വിമാനത്താവളത്തിലെ പരിശോധനയ്ക്കുശേഷം ജില്ലയിലെ കോവിഡ് കെയർ കൺട്രോൾ സെന്ററായ ചെമ്പൈ സംഗീത കോളേജിൽ എത്തിയവരെയാണ് ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.

 1271 പ്രവാസികൾ നിരീക്ഷണത്തിൽ

ജില്ലയിൽ വീടുകളിലും സർക്കാരിന്റെ കോവിഡ് കെയർ സെന്ററുകളിലുമായി നിലവിൽ 1271 പ്രവാസികളാണ് നിരീക്ഷണത്തിൽ ഉള്ളത്. ഇവരിൽ 562 പേരാണ് ഇൻസ്റ്റിട്യൂഷനൽ ക്വാറന്റൈനിൽ ഉള്ളത്. 709 പ്രവാസികൾ വീടുകളിൽ നിരീക്ഷണത്തിൽ തുടരുകയാണ്.