ചിറ്റൂർ: പതിറ്റാണ്ടുകൾ തരിശ് കിടന്ന കൃഷിയിടങ്ങളിൽ വിത്തിറക്കി നൂറുമേനി വിളയിക്കാനുള്ള പരിശ്രമത്തിലാണ് കിഴക്കൻമേഖലയിലെ കർഷകർ. സംസ്ഥാന സർക്കാറിന്റെ 'സുഭിക്ഷ കേരളം' പദ്ധതിയുടെ ഭാഗമായാണ് മഴനിഴൽ പ്രദേശമായ എരുത്തേമ്പതിയിൽ പാടശേഖര സമിതി സെക്രട്ടറി കെ.രാജീവും ഭാര്യ റീനയും ചേർന്ന് കൃഷിയിറക്കുന്നത്.
ആർ.വി.പുതൂരിലെ ധർമ്മലിംഗത്തിന്റെ ആറ് ഏക്കർ പാട്ടത്തിനെടുത്താണ് രാജീവും കുടുംബവും കൃഷിചെയ്യുന്നത്. കഴിഞ്ഞ 11 വർഷമായി ഈ സ്ഥലം തിരശിട്ടിരിക്കുകയായിരുന്നു. രൂക്ഷമായ ജലക്ഷാമം നേരിടുന്നതിനാൽ പ്രദേശത്തെ കർഷകർക്ക് കൃഷി ഉപയോഗിക്കുകയായിരുന്നു. ഉത്പാദന ചെലവ് വർദ്ധിക്കുകയും വിള നാശം സംഭവിക്കുകയും ചെയ്തതോടെ പലരും കടക്കെണിയിലായി. ഇതോടെ ചിറ്റൂർ മേഖലയിലെ നിരവധി കർഷകർ കൃഷി ഉപേക്ഷിച്ച് മറ്റ് ജോലികൾ തേടിപോയി.
എന്നാൽ, കഴിഞ്ഞരണ്ടു വർഷമായി ആവശ്യത്തിന് മഴയും കനാൽവെള്ളവും ലഭിച്ചതോടെ കിഴക്കൻ മേഖലയിൽ ഒരിടവേളയ്ക്ക് ശേഷം കൃഷി സജീവമാകുകയാണ്. കൃഷി ഉപേക്ഷിച്ച പലരും ഇപ്പോൾ തരിശുഭൂമിയിൽ വിളയിക്കാൻ മുന്നോട്ട് വന്നിട്ടുണ്ട്. കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ ഇടപെടലും കർഷകർക്ക് ഏറെ ഗുണം ചെയ്യുന്നുണ്ട്.