പാലക്കാട്: ജില്ലാ വനിതാ - ശിശു ആശുപത്രിയിലെ പ്രസവ വാർഡ് കൊവിഡ് ഐസൊലേഷൻ വാർഡാക്കിയതോടെ സ്ഥലപരിമിതികളുടെ നടുവിൽ വീർപ്പുമുട്ടുകയാണ് ഗർഭണികളും കുട്ടികളും. നിലവിൽ ഗർഭിണികളെ മുഴുവൻ കുട്ടികളുടെ വാർഡിലേക്ക് മാറ്റിയിരിക്കുകയാണ്. ഇതോടെ വാർഡിൽ സ്ഥലമില്ലാത്ത അവസ്ഥയാണ്.
പ്രതിമാസം ശരാശരി 500 പ്രസവങ്ങൾ ഇവിടെ നടക്കാറുണ്ട്. നിലവിൽ ആശുപത്രിയിലെ പരിമിതമായ സൗകര്യങ്ങളിലാണ് രോഗികൾ കഴിയുന്നത്. 26 ഗർഭിണികൾക്ക് കുട്ടികളുടെ വാർഡിലും ബാക്കിയുള്ളവരെ ലേബർ റൂമിനോട് ചേർന്നുള്ള സ്ഥലത്തുമാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. സ്ഥലപരിമിതിയെ തുടർന്ന് പരാതികൾ ഉയർന്ന സാഹചര്യത്തിൽ പുതിയ പ്രസവ വാർഡ് അധികതർ സജ്ജീകരിച്ചിട്ടുണ്ട്. 12 പേർക്ക് കിടക്കാവുന്ന വാർഡിന്റെ പ്രവർത്തനങ്ങളെല്ലാം പൂർത്തിയായി. വാർഡ് തുറന്നു കൊടുക്കുന്നതോടെ നിലവിലെ പ്രശ്‌നത്തിന് ആശ്വാസമാകുമെന്നാണ് ആശുപത്രി അധികൃതരുടെ പ്രതീക്ഷ.
പ്രവർത്തനം ഈ ആഴ്ചയിൽ
പുതിയ വാർഡിലെ ഭൂരിഭാഗം പണികളും പൂർത്തിയായി. പെയിന്റിംഗ് മാത്രമാണ് ബാക്കിയുള്ളത്. അതും പൂർത്തിയാകുന്നതോടെ കട്ടിൽ സൗകര്യം ഒരുക്കി ഈ ആഴ്ചക്കുള്ളിൽ പ്രവർത്തനം ആരംഭിക്കും. കൂടാതെ അത്യാവശ്യം വരുന്ന പക്ഷം ഉപയോഗിക്കാൻ ലേബർ റൂം, ഓപ്പറേഷൻ തിയ്യേറ്റർ എന്നിവ ഉൾപ്പെടുന്ന കൊറോണ ഐസൊലേഷൻ വാർഡും ആശുപത്രി ഒ.പി ബ്ലോക്കിന് മുകളിൽ സജ്ജമായിട്ടുണ്ട്.
ഡോ. പി.കെ.ജയശ്രീ, സൂപ്രണ്ട്, ജില്ലാ വനിതാ-ശിശു ആശുപത്രി