temple
സകലരേയും കാത്തുകൊൾക.. നീണ്ട ഇടവേളയ്ക്ക് ശേഷം ചിറ്റൂർ ഭഗവതി ക്ഷേത്രം തുറന്നപ്പോൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ദർശനം നടത്തുന്ന ഭക്തൻ.

പാലക്കാട്: ഇളവുകൾ അനുവദിച്ചതിനെ തുടർന്ന് ജില്ലയിൽ മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള 45 ശതമാനം ക്ഷേത്രങ്ങളും ഇന്നലെ തുറന്നു. ക്ഷേത്രകമ്മിറ്റികളുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയും സർക്കാരിന്റെ കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചാണ് ക്ഷേത്രങ്ങൾ ഭക്തർക്കായി തുറന്നുകൊടുത്തത്.

പട്ടാമ്പി താലൂക്ക് ഒഴികെ മലബാർ ദേവസ്വം ബോർഡിന് കീഴിൽ ജില്ലയിലാകെ 349 ക്ഷേത്രങ്ങളാണ് ഉള്ളത്. ഇതിൽ കണ്ടെയ്ൻമെന്റ് മേഖലയിൽ ഒഴികെയുള്ള പ്രധാന ക്ഷേത്രങ്ങളെല്ലാം തുറക്കുമെന്ന് നേരത്തെ അധികൃതർ അറിയിച്ചിരുന്നെങ്കിലും പല ക്ഷേത്രങ്ങളും ഇന്നലെ തുറന്നില്ല. കല്ലേക്കുളങ്ങര എമൂർ ഭഗവതി ക്ഷേത്രം, പുത്തനാൽക്കൽ, ചിനക്കത്തൂർ ഭഗവതി ക്ഷേത്രം, മുളയംങ്കാവ്, അത്തിപ്പൊറ്റ മാങ്ങോട്ടുക്കാവ്, കൊറ്റികുളങ്ങര തുടങ്ങിയ പ്രധാന ക്ഷേത്രങ്ങൾ ഉൾപ്പെടെ 145 ഓളം ക്ഷേത്രങ്ങളാണ് തുറന്നത്. ആദ്യദിവസമായതിനാൽ ഭക്തരുടെ എണ്ണം വളരെ കുറവായിരുന്നു. അതേസമയം നഗരത്തിലുള്ള വിവിധ വിഭാഗത്തിൽപ്പെട്ട ഭൂരിഭാഗം പള്ളികളും ക്രിസ്ത്യൻ ദേവാലയങ്ങളും അടഞ്ഞുതന്നെയാണ് കിടക്കുന്നത്. ആളുകൾ കൂടുതൽ വരാൻ സാധ്യതയുണ്ടെന്ന് കണക്കിലെടുത്താണ് ഇവ തുറക്കാത്തത്.


 തുറക്കണമെന്ന് നിർബന്ധമില്ല

അടിസ്ഥാന സൗകര്യങ്ങൾ പൂർത്തിയാവാത്തതു കാരണം തുറക്കാതിരുന്ന പല ക്ഷേത്രങ്ങളുണ്ട്. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിർബന്ധമായി തുറക്കണമെന്ന് ബോർഡ് നിർദ്ദേശിച്ചിട്ടില്ല. ക്ഷേത്രം നിലകൊള്ളുന്ന പ്രദേശത്തെ സ്ഥിതിഗതികൾ വിലയിരുത്തി ക്ഷേത്രകമ്മിറ്റി ഭാരവാഹികൾക്ക് തുറക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാം. ക്ഷേത്രം തുറന്നതുമൂലം ആർക്കും രോഗം ഉണ്ടാകാൻ കാരണമാകരുത് എന്നാണ് ദേവസ്വം ബോർഡിന്റെയും ഭാരവാഹികളുടെയും തീരുമാനം.

വള്ളൂർ രാമകൃഷ്ണൻ, ജില്ലാ ചെയർമാൻ, മലബാർ ദേവസ്വം ബോർഡ്.