train
train

പാലക്കാട്: ലോക്ക് ഡൗണിനെ തുടർന്ന് സ്വദേശത്തേക്ക് മടങ്ങാനാകാതെ ബുദ്ധിമുട്ടിയ അന്യസംസ്ഥാന തൊഴിലാളികളെ സ്വന്തം നാട്ടിലേക്ക് എത്തിക്കുന്നതിനായി പാലക്കാട് ഡിവിഷനുകീഴിൽ ഇതുവരെ സർവീസ് നടത്തിയത് 93 ശ്രമിക് സ്‌പെഷ്യൽ ട്രെയിനുകൾ. ഇത്രയും ട്രെയിനുകളിലായി വിവിധ ജില്ലകളിൽ നിന്നായി ആകെ 1.29 ലക്ഷം അന്യസംസ്ഥാന തൊഴിലാളികളാണ് അവരവരുടെ നാടുകളിലേക്ക് മടങ്ങിയത്. മെയ് രണ്ടു മുതൽ ജൂൺ ഏഴു വരെയുള്ള കണക്കുകൾ പ്രകാരമാണിത്.

പാലക്കാട് ജംഗ്ഷൻ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാഞ്ഞങ്ങാട് സ്‌റ്റേഷനുകളിൽ നിന്നായി 72 ശ്രമിക് ട്രെയിനുകളും കർണാടകയിലെ മംഗളൂരു ജംഗ്ഷനിൽ നിന്ന് 21 ട്രെയിനുകളും പ്രത്യേകം സർവീസ് നടത്തി. കേരളത്തിൽ നിന്നും 1,00,705 പേരും മംഗളൂരുവിൽനിന്നും 28,316 തൊഴിലാളികളുമാണ് മടങ്ങിയത്.


മദ്ധ്യപ്രദേശ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ബീഹാർ, ജാർഖണ്ഡ്, രാജസ്ഥാൻ, ഒഡീഷ, പശ്ചിമബംഗാൾ എന്നിവിടങ്ങളിലേക്കാണ് ഇതുവരെ ശ്രമിക് ട്രെയിനുകൾ യാത്രക്കാരെയും കൊണ്ട് പോയത്. ബീഹാറിലേക്ക് 20,257 പേരെയും ജാർഖണ്ഡിലേക്ക് 8,208 പേരെയും മദ്ധ്യപ്രദേശ് 2,240, ഒഡീഷ 9,088, രാജസ്ഥാൻ 4,214, ഉത്തർപ്രദേശ് 17,361, പശ്ചിമബംഗാൾ 39,337 പേരും കേരളത്തിൽ നിന്നും യാത്ര ചെയ്തു.

പാലക്കാട് ജംഗ്ഷനിൽ നിന്നും ആറു ട്രെയിനുകളിലായി 8,438 അതിഥി തൊഴിലാളികളാണ് മടങ്ങിയത്. തിരൂരിൽ നിന്നും 19 ട്രെയിനുകളിലായി 27,216 രേും കോഴിക്കോട് നിന്നും 27 ട്രെയിനുകളിലായി 37,269 പേരും സ്വദേശങ്ങളിലേക്ക് പോയി. കണ്ണൂർ സ്‌റ്റേഷനിൽനിന്നും എട്ടു ട്രെയിനുകളിലായി 28,316 തൊഴിലാളികളും കാഞ്ഞങ്ങാട് നിന്ന് എട്ടു ട്രെയിനുകളിൽ 10,432 തൊഴിലാളികളും മടങ്ങിയതായി റെയിൽവേ അറിയിച്ചു.