നെന്മാറ: പാടത്തും പറമ്പിലും സ്‌കൂൾ ഗ്രൗണ്ടിലും സഹോദരന്റെ കൂടെ ക്രിക്കറ്റ് കളിച്ചുനടന്ന അഖില ഇനി കേരളത്തിനുവേണ്ടി ക്രീസിലിറങ്ങും. ചിറ്റില്ലഞ്ചേരി നെല്ലിയാമ്പാടം പൊന്നുകുട്ടന്റെയും ലതയുടെയും മകൾ അഖിലയാണ് കേരളത്തിന്റെ സ്മൃതി മന്ദാനയാകാൻ തയ്യാറെടുക്കുന്നത്.
അണ്ടർ 19 സംസ്ഥാന വനിതാക്രിക്കറ്റ് ടീമിൽ ഇടം നേടിയ അഖിലയ്ക്ക് സഹോദരൻ അഖിലാണ് ക്രിക്കറ്റിന്റെ ആദ്യപാഠം പകർന്നുനൽകിയത്. ശേഷം പ്രാദേശിക ടൂർണമെന്റുകളിൽ സ്ഥിരം സാന്നിദ്ധ്യമായി. ചിറ്റില്ലഞ്ചേരി എം.എൻ.കെ.എം ഹയർസെക്കന്ററി സ്‌കൂളിൽ പത്താം ക്ലാസ് പൂർത്തിയാക്കിയ ശേഷം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ സെലക്ഷനിൽ പങ്കെടുത്തു. ബാറ്റുകൊണ്ട് മിന്നും പ്രകടനം കാഴ്ചവെച്ചതോടെ ജില്ലാ ടീമലേക്ക് വിളിയെത്തി. ഇതോടെ ഇതോടെ തുടർപഠനം പാതിവഴിയിൽ ഉപേക്ഷിച്ചു.
പരിശീലകൻ സി.വേണുഗോപാലിന് കീഴിൽ രണ്ടുവർഷത്തെ കഠിന പരിശ്രമത്തിനൊടുവിലാണ് ഈ ഇടംകൈയ്യൻ താരത്തെ തേടി സംസ്ഥാന ടീമിലേക്കുള്ള ക്ഷണമെത്തിയത്. പരിശീലനത്തിനായി വയനാട് ക്രിക്കറ്റ് അക്കദമയിലേക്ക് വണ്ടികയറി,. തുടർന്ന് മുടങ്ങിയ പഠനം ആരംഭിച്ചു. മീനങ്ങാടി ഗവ. ഹയർസെക്കന്ററി സ്‌കൂളിൽ പ്ലസ് ടൂ പുനാരാംഭിച്ചു. വയനാടുള്ള പരിശീലനത്തിന് അക്കാദമി കോച്ചുകളായ ജെസ്റ്റിൻ ഫർണാണ്ടസ്, ടി.ദീപ്തി എന്നിവരുടെ കീഴിലാണ് ഇപ്പോൾ പരിശീലനം നേടുന്നത്.
അഖിലയുടെ ക്രിക്കറ്റ് കളിക്കുന്ന ദൃശ്യങ്ങൾ സാമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ ഷാഫി പറമ്പിൽ എം.എൽ.എ സമ്മാനമായി ഒരു ക്രിക്കറ്റ് കിറ്റ് വീട്ടിലെത്തിച്ചു. തുടർ പരിശീലനവും മറ്റും സൗദി ഇന്ത്യാ റെഡേഴ്‌സ് ക്ലബ്ബ് , അൽ ജാസീം സുൽത്താൻ ഗ്രൂപ്പ് എന്നിവർ ഏറ്റെടുത്തിട്ടുണ്ട്. ദേശീയ ക്രിക്കറ്റ് ടീമിനുവേണ്ടി അഖില ബാറ്റേന്തുന്നതും സ്വപ്നം കാണുകയാണ് ഒരു നാടുമുഴുവൻ.