medical-college
medical college

പാലക്കാട്: ജില്ലയിൽ രോഗബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഗവ. മെഡിക്കൽ കോളേജ് കൊവിഡ് ആശുപത്രിയാക്കുമെന്ന് മന്ത്രി എ.കെ ബാലൻ അറിയിച്ചു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

മുമ്പ് ജില്ലാ ആശുപത്രിയെ കൊവിഡ് ആശുപത്രിയാക്കാനായിരുന്നു ആലോചന. പക്ഷേ, നിലവിലെ സാഹചര്യം കണക്കിലെടുത്ത് കൂടുതൽ ഫലപ്രദമായ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി ജില്ലാ ഭരണകൂടം ആരോഗ്യമന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. കൊവിഡ് പോസിറ്റീവായവരെ മാത്രമേ ഗവ. മെഡിക്കൽ കോളേജിൽ ചികിത്സിക്കു. രോഗലക്ഷണങ്ങൾ ഉള്ളവരെ നിരീക്ഷണത്തിനായി മാങ്ങോട് കേരള മെഡിക്കൽ കോളേജ്, ഒറ്റപ്പാലം, മണ്ണാർക്കാട് താലൂക്കാശുപത്രികളിലും പ്രവേശിപ്പിക്കും. ഇതോടെ ജില്ലാശുപത്രിയിലെ ആശങ്ക പരിഹരിക്കപ്പെടും.

ഗവ. മെഡിക്കൽ കോളേജിലേക്ക് കോവിഡ് രോഗികളെ മാറ്റമ്പോൾ ഓക്‌സിജൻ കണക്ഷൻ, ഐ.സി.യു, വെന്റിലേറ്റർ തുടങ്ങിയ സൗകര്യങ്ങളും ഒരുക്കും. അടിയന്തര സാഹചര്യമുണ്ടായാൽ രോഗികളെ പരിശോധിക്കുന്നതിനായി ജില്ലാ ആശുപത്രിയിൽ പ്രത്യേക ബ്ലോക്ക് തന്നെ മാറ്റിവെയ്ക്കുമെന്നും മന്ത്രി അറിയിച്ചു.

 1000 ടെസ്റ്റുകൾ: പരിശോധനാഫലം 45 മിനിറ്റനകം
അഞ്ച് വിഭാഗങ്ങളായി തിരിച്ച് റാപിഡ് ആന്റിബോഡി ടെസ്റ്റുകൾ നടത്താൻ തീരുമാനം. ജില്ലയിൽ സമൂഹവ്യാപന സാധ്യത മനസിലാക്കാനാണ് ടെസ്റ്റ്. ഇത്തരത്തിൽ 1000 ടെസ്റ്റുകൾ നടത്താനുള്ള നടപടി തുടങ്ങിയിട്ടുണ്ട്. 45 മിനിറ്റിനകം പരിശോധനാ ഫലം ലഭ്യമാകും. ഒരു ഡോക്ടർ, സ്റ്റാഫ് നഴ്‌സ്, നഴ്‌സിംഗ് അസിസ്റ്റന്റ്, ലാബ് ടെക്‌നീഷ്യൻ, ഡ്രൈവർ ഉൾപ്പെടെയുള്ളവരെ ഇതിനായി നിയോഗിക്കും.

പി.സി.ആർ ടെസ്റ്റ് നടത്തുന്നതിന് താൽക്കാലിക മെഷീൻ ലഭ്യമായിട്ടുണ്ട്. ഗവ. മെഡിക്കൽ കോളേജിൽ ഇതിനായുള്ള ലാബ് സജ്ജീകരിച്ചുവരുന്നു. ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചിന്റെ അനുമതിക്കായി അപേക്ഷ നൽകും.

നിലവിൽ തൃശൂരിലും ആലപ്പുഴ എൻ.ഐ.വി.യിലുമാണ് പരിശോധനയ്ക്കായി സാമ്പിളുകൾ അയക്കുന്നത്. ഇത്തരത്തിൽ അയച്ച 2177 സാമ്പിളുകളുടെ ഫലം കൂടി ലഭിക്കാനുണ്ട്. പരിശോധനയുമായി ബന്ധപ്പെട്ട് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ജില്ലാതലത്തിൽ ഒരു കോഡിനേറ്ററെ ആവശ്യമുള്ള കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും. നിലവിൽ ജില്ലാ ആശുപത്രിയിൽ ഒഴിഞ്ഞുകിടക്കുന്ന ഒരു ഡെപ്യൂട്ടി സൂപ്രണ്ട് തസ്തികയിലെ ഒഴിവും നികത്തും.

1. ആദ്യ വിഭാഗത്തിൽ കോവിഡ് രോഗവുമായി നേരിട്ട് ബന്ധമുള്ള ആരോഗ്യവകുപ്പ് പ്രതിനിധികൾ / ജീവനക്കാർ

2. രണ്ടാം വിഭാഗത്തിൽ ഫ്രന്റ്‌ലൈൻ വർക്കേഴ്‌സായ പൊലീസ്, ഫീൽഡുതല ആരോഗ്യ പ്രവർത്തകർ, ആശാ വർക്കർമാർ, അങ്കണവാടി ജീവനക്കാർ, പത്ര ദൃശ്യമാധ്യമ പ്രവർത്തകർ, കമ്മ്യൂണിറ്റി കിച്ചനിലുള്ളവർ

3.ക്വാറന്റൈനിൽ കഴിയുന്നവരാണ് മൂന്നാം വിഭാഗം.

4. 60 വയസിന് മുകളിലുള്ള വയോധികരും കുട്ടികളും നാലാം വിഭാഗത്തിൽപ്പെടും. 5. വിദേശത്തുനിന്ന് വന്നവരും ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരുമാണ് അഞ്ചാം വിഭാഗം