covid
covid

പാലക്കാട്: ജില്ലയിൽ 14 പേർക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്തുനിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തിയ 10 പേർക്കും സമ്പർക്കത്തിലൂടെ നാലുപേർക്കുമാണ് രോഗബാധ. ചെർപ്പുളശ്ശേരി സാമൂഹികാരോഗ്യകേന്ദ്രം ജീവനക്കാരായ രണ്ടു വനിതകൾ (34, 45), വാളയാർ ചെക്ക്‌പോസ്റ്റ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഇരട്ടക്കുളം സ്വദേശി (38 പുരുഷൻ), ഒറ്റപ്പാലം സ്വദേശി (60, സ്ത്രീ) എന്നിവർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
ഒറ്റപ്പാലം സ്വദേശിനിക്ക് തലവേദന ഉണ്ടായിരുന്നു. ഇവരുടെ മകളുടെ ഭർത്താവ് കോയമ്പത്തൂർ നിന്നും ചരക്കുവണ്ടിയിൽ വന്നതാണ്. ഇതുപരിഗണിച്ച് ഇവരുടെ സ്രവം പരിശോധിച്ചപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം, കോയമ്പത്തൂരിൽ നിന്നുംവന്ന മകളുടെ ഭർത്താവിന്റേത് ഉൾപ്പെടെയുള്ളവരുടെ സ്രവം ഇന്ന് പരിശോധനയ്ക്ക് എടുക്കുമെന്ന് ഡി.എം.ഒ അറിയിച്ചു. ഇതോടെ ജില്ലയിൽ രോഗംബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 172 ആയി. വിവിധ ആശുപത്രികളിലായി 46 പേർ നിരീക്ഷണത്തിലുണ്ട്.

പരിശോധനയ്ക്കായി ഇതുവരെ 11,541 സാമ്പിളുകൾ അയച്ചതിൽ 239 പേർക്കാണ് പോസിറ്റീവായത്. ഇതിൽ 65 പേർ രോഗമുക്തരായി ആശുപത്രി വിട്ടു. സെന്റിനെന്റൽ സർവൈലൻസ് പ്രകാരം ഇതുവരെ 1688 സാമ്പിളുകളും ഓഗ്‌മെന്റഡ് സർവൈലൻസ് പ്രകാരം ഇതുവരെ 195 സാമ്പിളുകളും പരിശോധിച്ചു.
ഇന്നലെ രോഗം സ്ഥിരീകരിച്ചവർ: ദുബായിൽനിന്നെത്തിയ ചളവറ പുലിയാനംകുന്ന് സ്വദേശി (43, പുരുഷൻ), കൊപ്പം പുലാശ്ശേരി സ്വദേശി (26, സ്ത്രീ), മുംബൈയിൽനിന്നും വന്ന നല്ലേപ്പിള്ളി വടക്കന്തറ സ്വദേശി (45 സ്ത്രീ), തൃക്കടീരി ചെർപ്പുളശ്ശേരി സ്വദേശി (56 പുരുഷൻ), ചെർപ്പുളശ്ശേരി സ്വദേശി (44, പുരുഷൻ), ബംഗളൂരുവിൽനിന്നുള്ള വെള്ളിനേഴി അടക്കാപുത്തൂർ സ്വദേശി (18, പുരുഷൻ), ചെന്നൈയിൽനിന്നും വന്ന ചെർപ്പുളശ്ശേരി സ്വദേശി (38, പുരുഷൻ), ശ്രീകൃഷ്ണപുരം സ്വദേശിനി (27, സ്ത്രീ), അബുദാബിയിൽനിന്നെത്തിയ വിളയൂർ പേരടിയൂർ സ്വദേശി (29, സ്ത്രീ), ബെഹ്‌റൈനിൽനിന്നും വന്ന ആലത്തൂർ കുനിശ്ശേരി സ്വദേശി (56, പുരുഷൻ). ഇതിനുപുറമേ ജൂൺ ആറിന് രോഗം സ്ഥിരീകരിച്ച പട്ടാമ്പി, മുളയങ്കാവ് സ്വദേശികൾ മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലുണ്ട്.