പാലക്കാട്: കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ തടവുകാരെ ആശുപത്രിയിൽ കൊണ്ടുപോകാതെ തന്നെ ചികിത്സ ലഭ്യമാക്കുന്നതിന് മലമ്പുഴ ജില്ലാ ജയിലിൽ ആരംഭിച്ച ടെലി കൺസൾട്ടിംഗ് വിജയകരം. ടെലി കൺസൾട്ടേഷൻ സംവിധാനം സംസ്ഥാനത്ത് ആദ്യം നടത്തിയത് പാലക്കാട് ജില്ലാ ജയിലിലാണ്. കഴിഞ്ഞ ദിവസം നടന്ന അര മണിക്കൂർ കൺസൾട്ടേഷനിലൂടെ ഏഴ് തടവുകാർക്ക് ചികിത്സ നൽകി. മാനസിക രോഗത്തെ തുടർന്ന് ചികിത്സയിലുള്ള ഏഴ് തടവുകാർക്കാണ് ജില്ലാ ആശുപത്രിയിലെ സൈക്യാട്രിസ്റ്റ് ഡോ.അപർണ ടെലി കൺസൾട്ടിംഗ് നടത്തിയത്.
കൺസൾട്ടേഷന് മുമ്പായി ജയിലിലെ ഒരു ഉദ്യോഗസ്ഥൻ ജില്ലാ ആശുപത്രിയിലെത്തി രോഗികളുടെ ഒ.പി ടിക്കറ്റ് എടുത്തു. തുടർന്ന് പേര് വിളിക്കുന്ന മുറയ്ക്ക് ഉദ്യോഗസ്ഥൻ ഡോക്ടർക്ക് ഒ.പി ടിക്കറ്റ് കാണിക്കുകയും ഡോക്ടർ മൊബൈലിലൂടെ തടവുകാരുടെ ആരോഗ്യപ്രശ്‌നം ചോദിച്ചറിയുകയുമാണ് ചെയ്തത്. തടവുകാർ ജയിലിലെ കമ്പ്യൂട്ടറിലൂടെയാണ് ആശയ വിനിമയം നടത്തിയത്. രോഗികൾക്ക് ആവശ്യമായ മരുന്ന് ഡോക്ടർ അപ്പോൾ തന്നെ കുറിച്ചു നൽകി. ഇത് ജയിൽ ഉദ്യോഗസ്ഥൻ വാങ്ങി തടവുകാർക്ക് എത്തിച്ചു.
ജില്ലാ ആശുപത്രിയിൽ നിരവധി കൊവിഡ് രോഗികൾ ചികിത്സയിലുള്ളതിനാൽ തടവുകാരെ ചികിത്സയ്ക്ക് കൊണ്ടുപോകുന്നത് രോഗവ്യാപനത്തിന് ഇടയാക്കുമെന്നതിനാലാണ് ജയിൽ സൂപ്രണ്ടിന്റെ നേതൃത്വത്തിൽ ഇത്തരമോരു ആശയം ഉണ്ടായത്.
പ്രവർത്തനം മുന്നോട്ട്
വിവിധ അസുഖമുള്ള രോഗികൾക്ക് അതത് വിഭാഗം ഡോക്ടർമാരുടെ സമയം കൂടി പരിഗണിച്ച് ടെലി കൺസൾട്ടിംഗ് മുന്നോട്ടു കൊണ്ടുപോകും. രോഗികളായ തടവുകാർക്ക് മരുന്ന് നൽകണമെങ്കിൽ ഡോക്ടറുടെ കുറിപ്പ് വേണം. തടവുകാരെ ആശുപത്രിയിൽ കൊണ്ടുപോകാൻ രണ്ട് പൊലീസുകാർ നിർബന്ധമാണ്. കൊവിഡ് വ്യാപന സാഹചര്യത്തിൽ ഇത് ടെലി കൺസൾട്ടേഷനിലൂടെ ഒഴിവാക്കാം. സമയ നഷ്ടവും കുറവാണ്.
-കെ.അനിൽ കുമാർ, സൂപ്രണ്ട്, ജില്ലാ ജയിൽ.