construction
പാലക്കാട് വിക്ടോറിയ കോളേജിന് മുന്നിലെ അഴുക്കുചാൽ നിർമ്മാണം

പാലക്കാട്: അമൃത് പദ്ധതിയുടെ ഭാഗമായുള്ള നഗരത്തിലെ അഴുക്കുചാൽ നവീകരണം തൊഴിലാളികളുടെ കുറവുമൂലം മന്ദഗതിയിൽ. ലോക്ക് ഡൗണിനെ തുടർന്ന് ചാലുകൾ മൂടുന്നതിനുള്ള സ്ലാബുകൾ നിർമ്മിക്കുന്നതിനുള്ള അസംസ്കൃത വസ്തുക്കൾ ലഭ്യമാകാത്തതായിരുന്നു ആദ്യപ്രശ്നം. ഇളവുകൾ വന്ന് സാധനങ്ങൾ ലഭ്യമായപ്പോൾ തൊഴിലാളി ക്ഷാമമായി. അന്യസംസ്ഥാനക്കാരുടെ കൂട്ടത്തോടെയുള്ള മടക്കം കാരണം നിർമ്മാണ പ്രവർത്തനങ്ങൾക്ക് നാമമാത്രമായ തൊഴിലാളികളെയുള്ളൂ.

ഇതോടെ ലോക്ക് ഡൗണിന് മുമ്പ് തുടങ്ങിവച്ച മിക്ക നവീകരണ പ്രവർത്തനവും ഇഴയുകയാണ്. സ്റ്റേഡിയം സ്റ്റാന്റിന് മുൻവശം, സുൽത്താൻപേട്ട റോഡ്, വിക്ടോറിയ കോളേജിന് സമീപം, നൂറടി റോഡ്, ശംഖുവാരത്തോട് എന്നിവിടങ്ങളിലെല്ലാം ഒന്നിടവിട്ടാണ് പണി നടക്കുന്നത്.

ഗതാഗത തടസം

പല ഭാഗത്തും റോഡുകൾ പൊളിച്ചിട്ടത് ഗതാഗത തടസം സൃഷ്ടിക്കുന്നു. നാലാംഘട്ട ഇളവിന് ശേഷം നഗരത്തിൽ ജനത്തിരക്കും കൂടിവരികയാണ്.

പ്രധാന ഭാഗങ്ങളിലെ നിർമ്മാണം പൂർത്തിയാകാത്തതാണ് കൂടുതൽ പ്രശ്നം. സ്റ്റേഡിയം സ്റ്റാന്റ് പ്രവേശന കവാടത്തിലെ റോഡ് പൊളിച്ചിട്ടത് നിലവിൽ ബസ് സർവീസ് കുറവായതിനാൽ യാത്രക്കാരെ കാര്യമായി ബാധിക്കുന്നില്ല. എന്നാൽ ബസുകൾ ഒാടിത്തുടങ്ങുന്നതിന് മുമ്പ് പ്രവർത്തനം പൂർത്തിയാക്കിയില്ലെങ്കിൽ ഗതാഗതക്കുരുക്കിൽ ജനം വലയും.

പൂർത്തിയാകാൻ 30% മാത്രം

ഒരു പ്രവൃത്തിക്ക് 100 തൊഴിലാളികളുണ്ടെങ്കിൽ അതിൽ ഭൂരിഭാഗവും അന്യസംസ്ഥാനക്കാരാണ്. ശ്രമിക് ട്രെയിനുകൾ തുടങ്ങിയതോടെ തൊഴിലാളികളുടെ എണ്ണം കുത്തനെ കുറഞ്ഞു. ചുരുങ്ങിയ തൊഴിലാളികളെ ഉപയോഗിച്ചാണ് നിലവിൽ നിർമ്മാണം പുരോഗമിക്കുന്നത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ 30% പണികളാണ് ഇനി പൂർത്തിയാകാനുള്ളത്.

-സ്മിത, എ.ഇ, നഗരസഭ.