പാടം ഉഴുത് മറിക്കാൻ വെള്ളമില്ല: കർഷകർ പ്രതിസന്ധിയിൽ
ചിറ്റൂർ: ഒന്നാംവിള നെൽകൃഷിക്ക് മുന്നോടിയായി പാടത്ത് വിതച്ച ഡെയ്ഞ്ച വളർന്ന് പൂത്ത് കഴിഞ്ഞിട്ടും ഉഴുത് മറിക്കാൻ ആവശ്യമായ മഴയോ കനാൽവെള്ളമൊ ലഭിക്കാതെ കർഷകർ പ്രതിസന്ധിയിലായി. നല്ലേപ്പിള്ളി അരണ്ടപ്പള്ളം, നരിചിറ പാടശേഖരങ്ങളിലാണ് ഏക്കർ കണക്കിന് കൃഷിയിടങ്ങളിൽ സമയം തെറ്റിയ ഡെയ്ഞ്ച ചെടികൾ ഉഴുതുമറിക്കാനാകാതെ പൂത്തുനില്ക്കന്നത്.
ആഴ്ചയിലൊരിക്കൽ കനാൽ വെള്ളമുണ്ടെങ്കിലും കാഡ ചാലുകളുടെ നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ വെള്ളം ലഭിക്കുന്നില്ല. കാലവർഷം തുടങ്ങിയെങ്കിലും ഈ പ്രദേശങ്ങളിൽ ആവശ്യത്തിന് മഴ ലഭിക്കാത്തത് വിനയായി. മണ്ണിന്റെ ജൈവാവസ്ഥ നിലനിറുത്താനും വർദ്ധിപ്പിക്കാനും വളച്ചെടിയായ ഡെയ്ഞ്ച ഏറെ പ്രയോജനം ചെയ്യും. ഇത് കൂടുതൽ മൂപ്പെത്തും മുമ്പ് ഉഴുത് മറിച്ച് മണ്ണിൽ ലയിപ്പിച്ചാൽ രാസവളം വളരെ കുറച്ചു മാത്രം ഉപയോഗിച്ചാൽ മതി.
നെൽകൃഷിയെ ബാധിക്കുന്ന ഓല കരച്ചിൽ, പുഴുക്കേട് തുടങ്ങിയ രോഗങ്ങളെ ഒരു പരിധി വരെ പ്രതരോധിക്കാനും കഴിയും. ഒരു കിലോ ഡെയ്ഞ്ച വിത്തിന് വില 70-75 രൂപയാണ്. രണ്ട് പ്രാവശ്യം നിലമുഴുത് വേണം ഡെയ്ഞ്ച വിതയ്ക്കാൻ. വിത്തിന്റെ വിലയും ഉഴുതുമറിക്കാനും വിത്ത് വിതയ്ക്കാനും ഉള്ള കൂലിയുമടക്കം ഏക്കറിന് 2000 രൂപ ചിലവ് വരും. ഇതെല്ലാം പാഴായ സ്ഥിതിയാണ് നിലവിലുള്ളതെന്ന് കർഷകനും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ വി.രാജൻ പറഞ്ഞു.