ചെർപ്പുളശേരി: സാമൂഹികാരോഗ്യ കേന്ദ്രത്തിലെ രണ്ട് ജീവനക്കാർക്ക് കഴിഞ്ഞ ദിവസം ഉറവിടം വ്യക്തമല്ലാതെ കൊവിഡ് സ്ഥിരീകരിച്ചതോടെ പ്രദേശത്ത് അതീവ ജാഗ്രത. വനിതാ ജീവനക്കാരായ തിരുവനന്തപുരം സ്വദേശിയായ ക്ലർക്കിനും അമ്പലപ്പാറ സ്വദേശിയായ ക്ലീനിംഗ് സ്റ്റാഫിനുമാണ് ചൊവ്വാഴ്ച കൊവിഡ് സ്ഥിരീകരിച്ചത്. മൂന്നിനാണ് ഇവരുടെ സ്രവം പരിശോധനയ്ക്ക് അയച്ചത്.
രോഗലക്ഷണമുണ്ടായിരുന്നില്ലെങ്കിലും ആരോഗ്യ പ്രവർത്തകരെയും മറ്റ് ജീവനക്കാരെയും പരിശോധനയ്ക്ക് വിധേയമാക്കുന്നതിന്റെ ഭാഗമായാണ് ഇവരുടെ സ്രവവും അയച്ചത്. ഇതിന് ശേഷവും ഇവർ ജോലിയിൽ തുടർന്നിരുന്നു. ചൊവ്വാഴ്ച ഫലം വന്നപ്പോൾ മാത്രമാണ് ഇവർ രോഗികളാണെന്ന് വ്യക്തമായത്. രോഗ ഉറവിടം വ്യക്തമല്ലാത്ത സാഹചര്യത്തിൽ ആശുപത്രി താൽക്കാലികമായി അടച്ചിട്ടു. ഇവരുമായി പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവരെല്ലാം ക്വാറന്റൈനിലാണ്. ചികിത്സക്കെത്തിയ രോഗികളുമായി ഇവർ ഏതെങ്കിലും തരത്തിൽ ഇടപഴകിയോ എന്നും പരിശോധിക്കുന്നുണ്ട്.
നഗരസഭ ഓഫീസിലും ജനങ്ങൾക്കുള്ള സേവനം താൽക്കാലികമായി നിറുത്തി. സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ കൊവിഡ് സ്ഥിരീകരിച്ച ജീവനക്കാരിൽ ഒരാൾ താമസിക്കുന്ന ഹോസ്റ്റലിൽ നഗരസഭയിലെ ഒരു സ്റ്റാഫും താമസിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നഗരസഭാ ഓഫീസിന്റെ പ്രവർത്തനം ചുരുക്കിയത്.