കൊല്ലങ്കോട്: ദുരന്ത നിവാരണ മുൻകരുതൽ എന്ന പേരിൽ തത്തമംഗലം കാർ സ്റ്റാന്റിന് സമീപത്തെ ആൽ മരം മുറിക്കുന്നത് നിറുത്തിവെച്ചു. നാളിതുവരെ യാതൊരു ഭീഷണിയുമാവാതെ ദിവസേന ബസ് കയറാൻ വരുന്ന ആയിരക്കണക്കിന് ആളുകൾക്കും അനേകായിരം ജീവികൾക്കും താങ്ങും തണലുമായ മരമാണ് മുറിക്കുന്നത്.
പരാതിയെ തുടർന്ന് നഗരസഭ ഇടപെട്ടാണ് മുഴുവൻ ശിഖരങ്ങളും മുറിക്കാൻ തീരുമാനിച്ചത്. ഇതോടെ തദ്ദേശവാസികളായ എസ്.ഗുരുവായൂരപ്പൻ, ബൈജു മാങ്ങോട് എന്നിവർ ജില്ലാ കളക്ടർക്ക് പരാതി നൽകിയാണ് മരം മുറിക്കൽ തടഞ്ഞത്. യാതൊരു മാനദണ്ഡവുമില്ലാതെ ഇത്തരത്തിൽ മുറിക്കുന്ന മരങ്ങൾ പിന്നീട് ഉണങ്ങുകയാണ് പതിവ്. അല്ലെങ്കിൽ അവയിലുണ്ടാകുന്ന ദുർബലമായ ചില്ലകൾ മുറിഞ്ഞ് വീഴും. ജീവനോ സ്വത്തിനോ ഭീഷണിയുള്ള മരങ്ങളെ ശാസ്ത്രീയ കണ്ടെത്തി മുറിച്ചുമാറ്റണമെന്ന് ഇവർ ആവശ്യപ്പെട്ടു.