rupee
രൂപ

ഒറ്റപ്പാലം: കൊവിഡ് പ്രതിസന്ധി വലിയ കുരുക്ക് തീർത്ത ജീവിതങ്ങൾക്ക് മുന്നിൽ വട്ടിപ്പലിശ സംഘങ്ങളും മറ്റും ഒരിടവേളയ്ക്ക് ശേഷം വീണ്ടും അവതരിച്ചു തുടങ്ങി. തമിഴ്നാട്ടിൽ നിന്നുള്ള പലിശ സംഘങ്ങളാണ് കൂടുതലും.

കൊവിഡ് പടർന്ന് പിടിക്കുന്ന തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഊടുവഴികളിലൂടെയും മറ്റും കേരളത്തിലേക്ക് കടന്ന പണമിടപാട് സംഘങ്ങൾ ഒറ്റപ്പാലം, ഷൊർണൂർ, പട്ടാമ്പി മേഖലയിലെ വീടുകളിൽ പണപ്പിരിവിനെത്തി തുടങ്ങി. കഴിഞ്ഞ രണ്ടാഴ്ചയായി ഇവർ ഗ്രാമീണ മേഖലകളിലെ വീടുകളിലെത്തുന്നുണ്ട്. മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും കൊവിഡ് മാനദണ്ഡങ്ങളെല്ലാം കാറ്റിൽപ്പറത്തി ഇത്തരക്കാർ പണപ്പിരിവിനെത്തുന്നതായി വിവിധ വാർഡുതല ജാഗ്രതാ സമിതികൾക്ക് പരാതി കിട്ടിയിട്ടുണ്ട്. തിങ്കൾ മുതൽ ശനി വരെയാണ് ഇവർ പണമിടപാടുകൾക്കായി വിവിധ പ്രദേശങ്ങളിലെ വീടുകളിലെത്തുന്നത്.
സാധാരണക്കാർ, തൊഴിലാളികൾ, ചെറുകിട കച്ചവടക്കാർ, ഓട്ടോ ഡ്രൈവർമാർ എന്നിവരാണ് പ്രധാനമായും ഇവരുടെ വലയിലകപ്പെടുക. പലിശ കണക്കാക്കി ആഴ്ചപ്പിരിവാണ് ഇവർ നടത്തുക. ലോക്ക് ഡൗൺ മൂലം തൊഴിലും വരുമാനവുമില്ലാതെ വലഞ്ഞ ജനം ഉപജീവന വഴി തേടി പുറത്തിറങ്ങി തുടങ്ങിയിട്ടേയുള്ളൂ. അതിനിടയിലാണ് പലിശ സംഘങ്ങൾ ഇരകളെ വീഴ്ത്തുന്നത്.
കൂടാതെ സ്വകാര്യ ധനമിടപാട് സ്ഥാപനങ്ങളും വിവിധ ഉത്സവ കമ്മിറ്റികളടക്കം നടത്തുന്ന നാട്ടുകുറികളും സജീവമാണ്. രണ്ടര മാസമായി നിറുത്തിവെച്ച കുറികൾ പുനഃരാരംഭിച്ചതായും കുറി സംഖ്യ ആവശ്യപ്പെട്ട് സമ്മർദ്ദം തുടങ്ങിയതായും പരാതി ഉയരുന്നുണ്ട്.

നടപടി വേണം

സാമ്പത്തികമായി ജനം ഏറെ ബുദ്ധിമുട്ടുന്ന വേളയാണിത്. ജനങ്ങളെ പണപ്പിരിവ് കൊള്ളസംഘങ്ങളിൽ നിന്ന് രക്ഷിക്കാൻ സർക്കാർ നടപടി സ്വീകരിക്കണം. ആഗസ്റ്റ് വരെ ഇത്തരം പ്രവർത്തനം നിരോധിക്കണം. അല്ലാത്ത പക്ഷം നിരവധി ജീവിതം കടക്കെണിയിൽ പൊലിയുന്നത് കാണേണ്ടി വരും.

-ടി.എച്ച്.ഫിറോസ് ബാബു,​ ജില്ലാ പ്രസിഡന്റ്,​ യൂത്ത് കോൺഗ്രസ്.