നാളികേര കർഷകർ പ്രതിസന്ധിയിൽ
പാലക്കാട്: ലോക്ക് ഡൗണിൽ കൂടുതലിളവ് വന്നെങ്കിലും ജില്ലയിലെ നാളികേര കർഷകരുടെ പ്രതിസന്ധിക്ക് കുറവില്ല. ലോക്ക് ഡൗണിൽ തേങ്ങയിടാൻ തൊഴിലാളികളെ കിട്ടാത്തതും യാത്രാവിലക്കുമായിരുന്നു പ്രശ്‌നം. ഇതേ തുടർന്ന് പല കർഷകരുടെയും വീടുകളിൽ കെട്ടിക്കിടന്ന തേങ്ങ ഇപ്പോഴും വിറ്റഴിക്കാൻ പറ്റാത്ത അവസ്ഥാണ്. വ്യാപാരം കുറഞ്ഞതോടെ ഏജന്റുമാർ കർഷകരിൽ നിന്ന് തേങ്ങയെടുക്കുന്നതും കുറഞ്ഞു.
ആലത്തൂർ, മീനാക്ഷിപുരം, കൊഴിഞ്ഞാമ്പാറ, ഗോപാലപുരം, വടകരപ്പതി, ചിറ്റൂർ എന്നിവിടങ്ങളിൽ ടൺ കണക്കിന് നാളികേരമാണ് കൃഷിയിടങ്ങളിൽ കെട്ടിക്കിടക്കുന്നത്. ഏപ്രിൽ, മേയ് മാസങ്ങളിൽ കടകളിൽ കിലോയ്ക്ക് 47 മുതൽ 50 രൂപ വരെ വിലയുണ്ടായിരുന്നത് നിലവിൽ 25 ആയി കുത്തനെ ഇടിഞ്ഞു. ഏജന്റുമാർ എടുക്കുന്നത് കിലോ പത്തുരൂപയ്ക്കും. കെട്ടികിടക്കുന്ന തേങ്ങ കിട്ടുന്ന വിലയ്‌ക്ക് പോലും വിറ്റഴിക്കാൻ കഴിയാത്ത അവസ്ഥയിലാണ് കർഷകർ.
കെട്ടിക്കിടക്കുന്നു
ലോക്ക് ഡൗണിനെ തുടർന്ന് രണ്ടുമാസം മുമ്പുള്ള തേങ്ങയാണ് തോപ്പിൽ കെട്ടിക്കിടക്കുന്നത്. ആകെ 300 തെങ്ങുകളാണുള്ളത്. വ്യാപാരം കുറഞ്ഞതോടെ ഏജന്റുമാരെ വിളിച്ചാൽ വരുന്നില്ല. വിലയിടിവും രൂക്ഷമാണ്.
-മോഹൻരാജ്, കർഷകൻ, വടകരപ്പതി.
വിറ്റുപോകുന്നില്ല
ചെന്നൈ, മധുര, മുവാറ്റുപുഴ, പെരുമ്പാവൂർ എന്നിവിടങ്ങളിലേക്കാണ് കൂടുതൽ തേങ്ങ വിറ്റുപോകുന്നത്. നിലവിൽ എറണാകുളത്തേക്ക് മാത്രമാണ് ആവശ്യക്കാരുള്ളത്. വ്യാപാരം ഉണ്ടെങ്കിലേ കർകരിൽ നിന്ന് തേങ്ങ എടുക്കാനാകൂ. നിലവിൽ ശരാശരി 5000 തേങ്ങയേ പ്രതിദിനം വിറ്റുപോകുന്നുള്ളൂ. -പരമൻ, ഏജന്റ്, മീനാക്ഷിപുരം.
സംഭരണം ഇല്ലാതായിട്ട് രണ്ടുവർഷം
നാളികേര വികസന ബോർഡ് കൃഷിഭവൻ മുഖേന നല്ല വിലയ്ക്ക് പച്ചത്തേങ്ങ സംഭരിച്ചിരുന്നത് രണ്ടുവർഷമായി നിലച്ചിട്ട്. ഇതോടെ കർഷകർക്ക് ഏകആശ്രയം തേങ്ങ ഏജന്റുമാരാണ്. സ്വന്തമായി തൊഴിലാളികളെ ഉപയോഗിച്ച് തേങ്ങയിട്ട് പൊതിച്ച് കടയിലേക്ക് കൊടുക്കുകയാണെങ്കിൽ കിലോയ്ക്ക് 25 രൂപ പ്രകാരം കിട്ടുമെങ്കിലും കൂടുതൽ തെങ്ങുള്ളവർക്ക് ഇതേറെ ബുദ്ധിമുട്ടാണ്. അതുകൊണ്ട് വില കുറവാണെങ്കിലും ഏജന്റുമാരെ തന്നെ ആശ്രയിക്കേണ്ട അവസ്ഥയാണ്. ഏജന്റുമാർ തൊഴിലാളികളുടെ കൂലിയും മറ്റും കിഴിച്ചാണ് വില ഈടാക്കുക.