പാലക്കാട്: സ്വകാര്യ ബസുകൾ കൂടുതലായി നിരത്തിലിറങ്ങാത്തത് ഉൾനാടുകളിലെ യാത്രാക്ലേശം രൂക്ഷമാക്കുന്നു. മലയോര മേഖലകളിലും അതിർത്തി പഞ്ചായത്തുകളിലുമാണ് കൂടുതൽ പ്രതിസന്ധി. ആശുപത്രിയിലും മറ്റ് സർക്കാർ സ്ഥാപനങ്ങളിലേക്കും എത്തിപ്പെടാൻ കഴിയാതെ വിഷമിക്കുകയാണ് സാധാരണക്കാർ.
ലോക്ക് ഡൗൺ ഇളവിൽ വിവിധാവശ്യങ്ങൾക്ക് നഗരത്തിലെത്തുന്നവരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. സർക്കാർ നിർദ്ദേശം പാലിച്ച് സർവീസ് നടത്തിയാൽ ഭീമമായ നഷ്ടം സഹിക്കേണ്ടി വരുമെന്നാണ് ബസുടമകൾ പറയുന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി 50ഓളം ബസുകൾ സർവീസ് നടത്തിയെങ്കിലും യാത്രക്കാരില്ലാത്തതിനാൽ പലരും സർവീസ് നിറുത്തി.
കെ.എസ്.ആർ.ടി.സി പാലക്കാട്, ചിറ്റൂർ, വടക്കഞ്ചേരി, മണ്ണാർക്കാട് ഡിപ്പോകളിൽ നിന്നായി 116 സർവീസുകൾ പ്രതിദിനം നടത്തുന്നുണ്ടെങ്കിലും സമയക്രമം പാലിക്കുന്നില്ല. സമീപ ജില്ലകളിലേക്ക് സ്വകാര്യ ബസ് സർവീസ് തുടങ്ങിയാൽ മാത്രമേ അതിർത്തി പഞ്ചായത്തുകളിലെ യാത്രക്കാർക്ക് ഗുണകരമാവൂ. പെരിന്തൽമണ്ണ, വളാഞ്ചേരി, എടപ്പാൾ, കുറ്റിപ്പുറം, കുന്നംകുളം, തൃശൂർ ഭാഗത്തേക്ക് നിലവിൽ ബസുകളില്ല. ഇവിടെത്തെ ആളുകൾ ഓട്ടോകളെയും ടാക്സികളെയുമാണ് ആശ്രയിക്കുന്നത്. കഴുത്തറപ്പൻ വാടക കൊടുത്താണ് പലരും യാത്ര ചെയ്യുന്നത്.
ഇന്ന് ട്രാൻ. സർവീസ് കുറയും
രണ്ടാം ശനിയായതിനാൽ ഇന്ന് കെ.എസ്.ആർ.ടി.സി സർവീസ് പകുതി വെട്ടിക്കുറയ്ക്കും. സർക്കാർ സ്ഥാപനങ്ങൾ ഉൾപ്പെടെ അവധിയായതിനാൽ യാത്രക്കാർ കുറവായിരിക്കുമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. ഇതോടെ പ്രതിസന്ധിയിലാകുന്നത് സാധാരണ യാത്രക്കാരാണ്. പാലക്കാട് നിന്ന് കൊല്ലങ്കോട്, പാറവഴി കൊഴിഞ്ഞാമ്പാറ, ചെർപ്പുളശേരി, മണ്ണാർക്കാട്, വടക്കഞ്ചേരി, കൊടുവായുർ വഴി നെന്മാറ, തേങ്കുറിശി വഴി നെന്മാറ, ചിറ്റൂർ- കൊടുമ്പ് എന്നിങ്ങനെയാണ് സർവീസ്.
തിങ്കളാഴ്ച മുതൽ കൂടുതൽ സ്വകാര്യ ബസുകൾ സർവീസ് ആരംഭിച്ചില്ലെങ്കിൽ ഒലിപ്പാറ, പുതുക്കോട്, തോലനൂർ, പെരിങ്ങോട്ടുകുറുശി എന്നിവിടങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി സർവീസ് നടത്തും.