പാലക്കാട്: സാധാരണക്കാരന്റെ ഇഷ്ടമീനായ മത്തിക്കും അയലയ്ക്കും ഇപ്പോൾ പൊന്നുംവില കൊടുക്കണം. സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം നിലവിൽ വന്നതോടെ ജില്ലയിലേക്കുള്ള മത്സ്യവരവും കുറഞ്ഞു.
ഒരു കിലോ മത്തിക്ക് 260 മുതൽ 280 രൂപ വരെയാണ്. കഴിഞ്ഞയാഴ്ച 150 ആയിരുന്നു. ഒരു കിലോ അയലയ്ക്ക് 300 മുതൽ 350 രൂപ കൊടുക്കണം. ഒരാഴ്ചയ്ക്കിടെ വർദ്ധിച്ചത് 40 രൂപ. സാധാരണ ട്രോളിംഗ് നിരോധന കാലത്ത് തമിഴ്നാട്ടിൽ നിന്ന് രാസവസ്തുക്കൾ ചേർത്ത കൂടുതൽ ലോഡുകൾ ജില്ലയിലെ പ്രധാന മീൻ മാർക്കറ്റുകളിലേക്ക് എത്താറുണ്ടെങ്കിലും സാഗർ റാണി ഓപ്പറേഷന്റെ ഭാഗമായി ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന കർശനമാക്കിയതിനാൽ അതും കുറഞ്ഞു.
പൊന്നാനി, തമിഴ്നാട്ടിലെ കടലൂർ, രാമേശ്വരം, പോണ്ടിച്ചേരി എന്നിവിടങ്ങളിൽ നിന്നാണ് ജില്ലയിലേക്ക് പ്രധാനമായും മത്സ്യമെത്തുന്നത്. പ്രതിദിനം ശരാശരി മൂന്ന് കണ്ടെയ്നറുകൾ വരെ വന്നിരുന്ന വലിയങ്ങാടി മീൻ മാർക്കറ്റിലേക്ക് കഴിഞ്ഞ ദിവസമെത്തിയത് രണ്ടെണ്ണം മാത്രം. ഒരു ദിവസം 4000 പെട്ടികൾ ഇറക്കിയിരുന്നത് പകുതിയായി. പൊന്നാനിയിൽ നിന്നുള്ള മീൻ വരവ് പൂർണമായും നിലച്ചു.
നിലവിൽ മത്തി കിലോ 200- 240 രൂപയ്ക്കാണ് മൊത്തവില്പന. ഇത് ചില്ലറ വിപണിയിൽ 260, 270, 280 എന്ന തോതിൽ ഉയരും. മത്തിയെ കൂടാതെ അയല, ചെമ്മീൻ, കിളിമീൻ എന്നിവയ്ക്കാണ് കൂടുതൽ ആവശ്യക്കാർ. അയല മൊത്തവില്പനക്കാർ 270- 300 രൂപയ്ക്കാണ് വില്ക്കുന്നത്. ചെമ്മീൻ 350 മുതൽ 400 രൂപ വരെ വിലയുണ്ട്.
ഡിമാന്റേറി ഡാം മീൻ
മത്തിക്കും അയലയ്ക്കും വില കുത്തനെ കൂടിയോടെ ജില്ലയിൽ ഡാം- വളർത്തു മീനുകൾക്ക് ആവശ്യക്കാരേറി. മലമ്പുഴ, മീങ്കര, പോത്തുണ്ടി ഡാമുകളിൽ മത്സ്യവില്പന സജീവമാണ്. കൂടാതെ ഉൾനാടൻ മത്സ്യകൃഷി വിളവെടുപ്പ് കാലമായതിനാൽ വളർത്തുമീനും യഥേഷ്ടം ലഭിക്കുന്നുണ്ട്. ഇവയ്ക്ക് മത്തിയെ അപേക്ഷിച്ച് വില കുറവാണ്. 180 രൂപ മുതൽ മീനുകൾ ലഭ്യമാണ്.