online-class
ഓൺലൈൻ പഠനം

പാലക്കാട്: കൈറ്റ് വിക്ടേഴ്‌സ് ചാനൽ വഴിയുള്ള ഫസ്റ്റ് ബെൽ അദ്ധ്യയനം 12 ദിവസം പിന്നിടുമ്പോൾ ജില്ലയിൽ 26,​038 വിദ്യാർത്ഥികൾക്ക് കൂടി ഓൺലൈൻ പഠന സൗകര്യമായി. ജൂൺ ഒന്നിനാരംഭിച്ച ആദ്യ ആഴ്ചയിലെ ക്ലാസുകളുടെ പുനഃസംപ്രേഷണമാണ് നിലവിൽ നടക്കുന്നത്. ഓൺലൈൻ പഠനസൗകര്യം ഇല്ലാത്തതുമൂലം ആദ്യ ക്ലാസുകൾ കാണാൻ കഴിയാത്തവർക്ക് വേണ്ടിയാണ് പുനഃസംപ്രേഷണം. വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ദിനംപ്രതി ഓൺലൈൻ പഠന സൗകര്യമൊരുക്കുന്നത് പുരോഗമിക്കുകയാണ്.

വിവിധ സന്നദ്ധ സംഘടനകളും പങ്കാളികളായതോടെ അട്ടപ്പാടി ആദിവാസി മേഖലയിൽ ഉൾപ്പെടെ നിർദ്ധനരായ ഭൂരിഭാഗം വിദ്യാർത്ഥികൾക്കും ഓൺലൈൻ സൗകര്യം ലഭിച്ചു. ഐ.ടി.ഡി.പി, ജില്ലാ പഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിൽ അട്ടപ്പാടി മേഖലയിൽ മാത്രം 150 ടി.വി ലഭ്യമാക്കി. 697 വിദ്യാർത്ഥികൾക്കാണ് ഇവിടെ ഓൺലൈൻ സൗകര്യം ഇല്ലാത്തത്.

ചിറ്റൂർ, കൊല്ലങ്കോട്, മണ്ണാർക്കാട് മേഖലകളിലാണ് സൗകര്യമില്ലാത്ത കൂടുതൽ കുട്ടികൾ. ചിറ്റൂർ- 1469, കൊല്ലങ്കോട്- 1102, മണ്ണാർക്കാട്- 2660. ഇവിടങ്ങളിലെല്ലാം ടി.വി, മൊബൈൽ ഫോൺ എന്നിവ സൗജന്യമായി വീടുകളിൽ എത്തിക്കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്. അടുത്താഴ്ചയോടെ എല്ലാവർക്കും സൗകര്യം ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. സമഗ്ര ശിക്ഷ കേരള സർവേ പ്രകാരം ജില്ലയിൽ 28,​838 വിദ്യാർത്ഥികൾക്കാണ് ഓൺലൈൻ സൗകര്യം ഇല്ലാത്തതായി കണ്ടെത്തിയത്. ആകെ 3,​32,​394 വിദ്യാർത്ഥികളാണ് ജില്ലയിൽ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്നത്.

ബി.ആർ.സി വഴി 150 ടി.വി നൽകി

വായനശാല പോലുള്ള പൊതുകേന്ദ്രങ്ങളിൽ ഇരുന്ന് പഠിക്കുന്ന വിദ്യാർത്ഥികൾക്കായി 150 ടി.വി ബി.ആർ.സി വഴി ലഭ്യമാക്കി. 2800 വിദ്യാർത്ഥികൾക്കാണ് ഇനിയും സൗകര്യം ലഭിക്കാനുള്ളത്. വരുംദിവസങ്ങളിൽ വിവിധ സംഘടനകൾ വാഗ്ദാനം ചെയ്ത ഉപകരണങ്ങൾ കൂടി കിട്ടുന്നതോടെ എല്ലാവർക്കും സൗകര്യം ഉറപ്പാക്കാനാകും.

-ജയപ്രകാശ്, ജില്ലാ കോ-ഓർഡിനേറ്റർ, എസ്.എസ്.കെ.